കരുനാഗപ്പള്ളി. ദേശീയപാത നിർമാണത്തിൽ കരാറുകാർ മാനദണ്ഡം ലംഘിക്കുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വൻ ഭീഷണിയാകുന്നു. ദേശീയ പാതയിൽ ഓച്ചിറ മുതൽ പുതിയകാവ് വരെയുള്ള ഭാഗങ്ങളിലാണ് കരുനാഗപ്പള്ളി മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്നത്.പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി പുതിയതായി ഏറ്റെടുത്ത സ്ഥലത്ത് ഗ്രാവിലിട്ട് ഉയർത്തിയ ശേഷം മെറ്റൽ, എം സാൻഡ് എന്നിവ പാകി ആഴചകൾക്ക് മുൻപ് തന്നെ പുത്തൻ തെരുവ് ജംഗ്‌ഷനിൽ നിന്നും വടക്കോട്ട് സമാന്തര റോഡ് നിർമ്മിച്ചിരുന്നു. ഇവിടെ റോഡിന് മുകളിൽ ഗ്രാവൽ ഇട്ട് അതിനു മുകളിൽ മെറ്റിൽ നിരത്തി എം സാൻഡ് വിതറിയതല്ലാതെ മറ്റൊന്നും ചെയ്യാതായതോടെ റോഡിൽ ഗതാഗത കുരുക്കുണ്ടായി അപകടങ്ങൾ വർധിക്കുകയാണ്, പാതയോരത്തെ കച്ചവടക്കാർ ,സമീപവാസികൾ എന്നിവർ മാസങ്ങളായി ദുരിതമനുഭവിച്ച് കഴിയുകയാണ്, പകൽ സമയം ദേശീയ പാതയിലൂടെ വരുന്ന ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പടെയുള്ളവർ അപകടത്തിൽ പെടുകയാണ്, ദേശീയപാത വവ്വാക്കാവ് ജംഗ്ഷൻ മുതൽ കരുനാഗപ്പള്ളി വരെ ഇരു സൈഡുകളിലും നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ നിർമ്മിച്ച ഓട പലഭാഗങ്ങളിലും മൂടിയില്ലാത്തത് കാരണം അപകടങ്ങൾ ഉണ്ടാക്കുന്നു,
വവ്വാക്കാവ് ജംഗ്ഷൻ, ആനന്ദ ജംഗ്ഷൻ, കാട്ടുപുറത്ത് ജംഗ്ഷൻ, പട്ടത്തിമുക്ക്, പുത്തൻ തെരുവ് ജംഗ്ഷൻ, പൂച്ചക്കട ജംഗ്ഷൻ, പുതിയകാവ് ജംഗ്ഷൻ, പുള്ളിമാൻ ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ദേശിയപാത നിർമ്മാണത്തിന്റെ വേഗത കൂടിയെങ്കിലും പിന്നീട് ഒരു മാസക്കാലമായി മന്ദഗതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്, മിക്ക ഭാഗങ്ങളിലും ഗ്രാവൽ നിരത്തിയ ഭാഗം വെള്ളക്കെട്ടിലായി കുണ്ടും കുഴിയും രൂപപ്പെട്ട് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നു, പുത്തൻ തെരുവ് അൽ സയ്യിദ് സ്കൂളിന് മുൻവശം ഓട നിർമ്മാണത്തിന്റെ മറവിൽ വെട്ടിപ്പൊളിച്ചിട്ടഭാഗം നിർമ്മാണം നടക്കാത്തതിനാൽ സ്കൂളിലേക്ക് വരുന്ന കുട്ടികളും കാൽ നടയാത്രക്കാരും,
മറ്റു വാഹനങ്ങളിൽ വരുന്നവർ ഉൾപ്പെടെയുള്ളവർ ഇരു സൈഡുകളിലേക്കും ക്രോസ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്, സമീപപ്രദേശങ്ങളിലുള്ള വീടുകളിലേക്ക് പോകുന്ന വഴികൾ ഓട നിർമ്മാണത്തിന്റെ മറവിൽ പൂർണമായും വെട്ടിപ്പൊളിച്ചിട്ട് നിലയിലാണ് അശാസ്ത്രീയമായ നിലയിൽ ദേശീയപാത നിർമ്മാണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയരുകയാണ്, ബന്ധപ്പെട്ട അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. എന്നാൽ ദേശീയ പാതയോരത്തുള്ള നൂറ് കണക്കിന് കുടുംബങ്ങളുടെ ദുസ്ഥിതി അധികൃതർ കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് പ്രദേശവാസികളും യാത്രക്കാരും ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥ കാരണം ദുരിതം അനുഭവിക്കുകയാണ്.