പത്തനാപുരം.കെ ബി ഗണേഷ്‌കുമാറിന്റെ പത്തനാപുരത്തെ എം എൽ എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. കേച്ചേരി ചിട്ടി തട്ടിപ്പ് കേസിൽ ഇരയായ നിക്ഷേപകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. എം എൽ എ സംഭവത്തിൽ മൗനം പാലിക്കുന്നുവെന്നാണ് ആരോപണം.
കേച്ചേരി പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനത്തിലെ നിക്ഷേപകരാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്. സ്ഥാപനത്തിന്റെ എം ഡി എസ് വേണുഗോപാലനെ ബഡ്സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിൽ നിക്ഷേപം നടത്തിയവർ നിക്ഷേപം തിരികെ കിട്ടാൻ എം എൽ എ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും മൗനo മാത്രമായിരുന്നു മറുപടിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
നിക്ഷേപ തട്ടിപ്പിൽ ഇരയായവരോടൊപ്പമല്ല പ്രതിയോടൊപ്പമാണ് എം എൽ എയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.അതേ സമയം ഗണേഷ്‌കുമാറിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കോൺഗ്രസ് ബി യും രംഗത്തെത്തി. എം എൽ എ യെ പൊതു മധ്യത്തിൽ അപമാനിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ആരോപണം.
സോളാർ ഗൂഢാലോചന കേസിലും മന്ത്രി സഭാ പുനസംഘടനയിലും ഗണേഷിന്റെ പേര് ചർച്ച ചെയ്യുമ്പോഴാണ് ഇത്തരമൊരു പ്രതിഷേധം. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.