മുളയറച്ചാല്‍ റെന്‍ഡറിംഗ് പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമായി 

Advertisement

ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിലെ ചെറിയ വെളിനല്ലൂര്‍ വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച മുളയറച്ചാല്‍ കോഴി വേസ്റ്റ് റെന്‍ഡറിംഗ് പ്ലാന്റിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. ലൈസന്‍സ് നേടി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി കമ്പനി അധികൃതര്‍ നേരത്തെ പഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും പഞ്ചായത്ത് കമ്മിറ്റി രണ്ട് തവണ യോഗം ചേര്‍ന്ന് ലൈസന്‍സ് നല്‍കേണ്ടതില്ല എന്ന് ഐകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാല്‍ കമ്പനി മാനേജ്മെന്റ് ഇതിനകം ഹൈക്കോടതിയില്‍ കേസ് നല്‍കുകയും കോടതി ഉത്തരവിനെ തുടര്‍ന്ന് ലൈസന്‍സ് നേടി. പിന്നീട് ജില്ലാകളക്ടര്‍ അധ്യക്ഷനായ ഡിഡിഎല്‍എഫ് ആന്റ് എംസിയുടെ അനുമതിയോടെ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.
എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച റെന്‍ഡറിംഗ് പ്ലാന്റില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധം പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി തുടര്‍ച്ചയായി പരാതി ഉയര്‍ന്നതിനെത്തുടന്ന് ഗ്രാമപഞ്ചായത്തിന്റെ കൂടി ഇടപെടല്‍ വഴി വിദഗ്ധസംഘം സ്ഥലത്തെത്തി പ്ലാന്റില്‍ പരിശോധന നടത്തി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചോ സര്‍ക്കാരിന് നല്‍കിയ വ്യവസ്ഥകള്‍ പാലിച്ചോ അല്ല പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് എന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും ഐകകണ്ഠേനയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.