കൊല്ലം: ജനുവരി നാലുമുതല്‍ എട്ടുവരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആശ്രാമം മൈതാനം പ്രധാനവേദിയാകും. വലിയ പന്തല്‍കെട്ടിയാകും വേദി തയ്യാറാക്കുക. ഇതിനു ചുറ്റുവട്ടത്തായുള്ള കേന്ദ്രങ്ങളില്‍ 20 വേദികള്‍ ക്രമീകരിക്കും.
ജില്ലാ പഞ്ചായത്ത് ഹാള്‍, ടൗണ്‍ഹാള്‍, തേവള്ളി ബോയ്‌സ് എച്ച്എസ്എസ്, ടൗണ്‍ യുപിഎസ്, ക്രേവണ്‍ സ്‌കൂള്‍, സിഎസ്‌ഐ ഹാള്‍, സെന്റ് അലോഷ്യസ് എച്ച്എസ്എസ്, സെന്റ് ജോസഫ് ഗേള്‍സ് എച്ച്എസ്എസ് തുടങ്ങിയവയെല്ലാം വേദികളാകും. നേരത്തെ കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നപ്പോള്‍ തേവള്ളി ഗവ. മോഡല്‍ സ്‌കൂളിലായിരുന്നു പ്രധാനവേദി. ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടി കലോത്സവത്തിന്റെ ഭാഗമായതിനാലാണ് ആശ്രാമം മൈതാനത്ത് പ്രധാനവേദി തയ്യാറാക്കുന്നത്.
കലോമേളയില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വിവിധ സ്‌കൂളുകളിലായി താമസസൗകര്യം ക്രമീകരിക്കും. നഗരത്തോടു ചേര്‍ന്നുള്ള പത്തിലധികം സ്‌കൂളുകള്‍ ഇതിനായി തയ്യാറാക്കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വും വഹിക്കുന്നതിനാല്‍ കൊല്ലത്തെ ഉപജില്ലാ, ജില്ലാതല കൗമാരോത്സവങ്ങള്‍ നേരത്തെ നടത്തും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്‌കൂള്‍തല കലോത്സവങ്ങള്‍ ഇതിനകം ആരംഭിച്ചു. ഒക്‌ടോബറോടെ ഉപജില്ലാ കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും. നവംബറില്‍ത്തന്നെ ജില്ലാ കലോത്സവം നടത്താനാണ് ആലോചന.