കൊല്ലം: 28-ാം ഓണത്തോടനുബന്ധിച്ച് കല്ലട ജലോത്സവ സംരക്ഷണ സമിതി നടത്തുന്ന നാടന്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന കല്ലട ജലോത്സവം 26ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ മുതിരപ്പറമ്പ്-കാരുത്രക്കടവ് നെട്ടായത്തില്‍ നടക്കുന്ന ജലോത്സവം ബാലതാരം ശ്രേഷ്ഠ ആദര്‍ഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കല്ലടയാറ്റില്‍ വിവിധ മതസംഘടനയുടെ ആചാര്യന്മാര്‍ ഒത്തൊരുമിച്ച് ദീപക്കാഴ്ച്ചയ്ക്ക് തുടക്കം കുറിക്കും.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ജലോത്സവത്തിന്റെ എവര്‍റോളിങ് ട്രോഫി ഇന്ന് പുതുപ്പള്ളിയില്‍ നിന്ന് ഏറ്റുവാങ്ങി പാറേല്‍ പള്ളി, ചക്കുളത്ത്കാവ് ക്ഷേത്രം, എടത്വപള്ളി, പായിപ്പാട്, കാരിച്ചാല്‍ വഴി പടിഞ്ഞാറെക്കല്ലട, കിഴക്കേക്കല്ലട, മണ്‍ട്രോതുരുത്ത് ചുറ്റി ജലോത്സവ സമിതി ഓഫീസില്‍ എത്തിച്ചേരും.
25ന് പതാകയുയര്‍ത്തല്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ ഷിജു കുമാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് സാസ്‌കാരിക ഘോഷയാത്രയും ഉച്ചയ്ക്ക് മൂന്നിന് ലഹരി വിരുദ്ധ സെമിനാറും 2023ലെ നെഹ്‌റു ട്രോഫിയില്‍ പങ്കെടുത്ത ജില്ലയിലെ തുഴച്ചില്‍ക്കാരെയും മേഖലയില്‍ അറിയപ്പെടാതെ പോയ വള്ള നിര്‍മാണ തച്ചന്‍മാരെയും അനുമോദിക്കലും 26ന് മെഡിക്കല്‍ ക്യാമ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.ആര്‍. ജോസ് പ്രകാശ്, സെക്രട്ടറി സന്തോഷ് അടൂരാന്‍, ശശി ചന്തേല്‍, സന്തോഷ് കിഴക്കതില്‍, പ്രയിസര്‍ കൊടുവിള തുടങ്ങിയവര്‍ പങ്കെടുത്തു.