ശാസ്താംകോട്ട പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനിൽക്കെ തടാക തീരത്ത് അനധികൃത നിർമ്മാണം

Advertisement

ശാസ്താംകോട്ട . ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനിൽക്കെ ശാസ്താംകോട്ട തടാക തീരത്ത് അനധികൃതമായി കെട്ടിട നിർമ്മാണം നടത്തുന്നതായി പരാതി.താലൂക്ക് ഓഫീസ്,പോലീസ് സ്റ്റേഷൻ,കോടതി എന്നിവയെല്ലാം പ്രവർത്തിപ്പിക്കുന്നതിന് വിളിപ്പാടകലെയാണ് നിർമ്മാണ പ്രവർത്തനം നടന്നത്.തടാകത്തിന്റെ അൻപത് മീറ്റർ ചുറ്റളവിൽ യാതൊരു നിർമ്മാണവും നടത്തരുതെന്ന ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ഓണാവധിക്കാലത്താണ് ശാസ്താംകോട്ട ബാറിലെ അഭിഭാഷകൻ സ്വന്തമായി ഓഫീസ് നിർമ്മാണം ആരംഭിച്ചത്.ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതോടെ നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകുകയായിരുന്നു.

എന്നാൽ പിന്നീടും അവധിദിനങ്ങൾ മുതലെടുത്ത് നിർമ്മാണ പ്രവർത്തനം തകൃതിയായി നടന്നു.ഇത്തരത്തിൽ രണ്ട് നില കെട്ടിടമാണ് ഉയർന്നത്.വെള്ളിയാഴ്ച അവധിദിനം മുതലെടുത്ത് രണ്ടാം നിലയുടെ കോൺക്രീറ്റ് അതീവ രഹസ്യമായി പുലർച്ചെ മുതൽ നടത്തുകയായിരുന്നു. വിവരമറിഞ്ഞ് നമ്മുടെ കായൽ കൂട്ടായ്മ ചെയർമാനും മുൻ പഞ്ചായത്തംഗവുമായ എസ്.ദിലീപ് കുമാർ പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചു.

പിന്നീട് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ സ്വന്തം ഭൂമിയിലാണ് നിർമ്മാണം നടത്തുന്നത് എന്നായിരുന്നു അഭിഭാഷകന്റെ വാദം.നിലവിലെ നിയമം ദുരുപയോഗം ചെയ്തു കൊണ്ടും പഞ്ചായത്തിനെ വെല്ലുവിളിച്ചു കൊണ്ടും നടത്തിയ നിർമ്മാണ പ്രവർത്തനം പോലീസ് ഇടപെട്ട് നിർത്തി വച്ചെങ്കിലും ഇവർ മടങ്ങിയ ശേഷം വീണ്ടും നിർമ്മാണം നടന്നതായാണ് വിവരം.അതിനിടെ അനധികൃത നിർമ്മാണത്തിനെതിരെ ശനിയാഴ്ച പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പോലീസിൽ പരാതി നൽകും.

Advertisement