ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡുകാകിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് ഇന്നവേഷനും ചേര്‍ന്നു നല്‍കുന്ന സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ലോകനേതൃ പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിക്ക്. ലോകസമാധാനത്തിനും ആത്മീയതയ്ക്കും നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.
ഒക്ടോബര്‍ രണ്ടിന് കൊല്ലം അമൃതപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം പിറന്നാള്‍ ദിവസമായ ഒക്ടോബര്‍ മൂന്നിന് ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് സിംപോസിയത്തിലും പ്രത്യേക ആദരവ് നല്‍കും. നവംബര്‍ രണ്ടിന് ഹാര്‍വര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തിലും മാതാ അമൃതാനന്ദമയി ദേവിയെ ആദരിക്കുമെന്ന് ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറം അറിയിച്ചു.
ലോകത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പണ്ഡിതന്മാരെയും ഏകോപിപ്പിക്കുന്ന, യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറം. ആഴത്തിലുള്ള ആത്മീയതയും, അര്‍പ്പണബോധവും ലോകത്തെ മുഴുവന്‍ സ്വാധീനിച്ച നേതൃഗുണവുമാണ് ഇത്തരമൊരു ആദരവിന് മാതാ അമൃതാനന്ദമയി ദേവിയെ അര്‍ഹയാക്കിയതെന്ന് മസാച്യുസെറ്റ്സ് മുന്‍ ഗവര്‍ണറും ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറം ചെയര്‍മാനുമായ മൈക്കല്‍ ഡുകാകിസ് പറഞ്ഞു.