ക്യാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് എട്ട് മാസം

Advertisement

കൊല്ലം: ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ അര്‍ബുദ രോഗികളുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് എട്ട് മാസം. കുടിശിക അടക്കമുള്ള പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചിരിക്കുകയാണ്. അര്‍ബുദ ചികിത്സയെ തുടര്‍ന്ന് സാമ്പത്തിക ബാധ്യതയിലായ ആയിരക്കണക്കിന് രോഗികള്‍ പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ്. ഓണത്തിനുള്‍പ്പെടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ എല്ലാവര്‍ക്കും ലഭ്യമാപ്പോള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് അതും നിഷേധിക്കപ്പെട്ടു.
ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ തുടരുന്നതിനാല്‍ ജോലി എടുത്ത് സ്വന്തം കാര്യം പോലും നോക്കാനാവാത്ത അര്‍ബുദ രോഗികള്‍ക്ക് ഏക ആശ്വാസം പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ പെന്‍ഷന്‍ നിലച്ചിട്ട്. അതിന്റെ കാരണം തേടി ഇവര്‍ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. സര്‍ക്കാറിന്റെ കയ്യില്‍ പണമില്ലെന്ന ഉത്തരമാണ് പലപ്പോഴും മറുപടി. ഓരോ തവണയും അടുത്ത മാസമെങ്കിലും പെന്‍ഷന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് രോഗികളും രോഗ മുക്തരുമായ പെന്‍ഷന്‍കാരും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇവരുടെ പെന്‍ഷന്‍ 1000 രൂപയായി വര്‍ദ്ധിപ്പിച്ച് നല്‍കിയത്. അതിന് ശേഷം പെന്‍ഷന്‍ തുക വര്‍ദ്ധനവുണ്ടായിട്ടില്ല. എന്നാല്‍ ഇതും വൈകിയതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് ഈ മനുഷ്യര്‍.

Advertisement