ശാസ്താംകോട്ട : കാഴ്ചക്കാരുടെ കണ്ണിനും മനസിനും കുളിർമ നൽകിയ പടിഞ്ഞാറെ കല്ലടയിലെ താമര പാടം നാമാവശേഷമായി.സമീപത്തെ എം.സാന്റ് നിർമ്മാണ കമ്പനിയിൽ നിന്ന് മലിന ജലം പാടത്തേക്ക് ഒഴുകിയെത്തിയതാണ് നശിക്കാൻ കാരണമെന്നാണ് സമീപ വാസികൾ പറയുന്നത്.കടപ്പാക്കുഴി മുണ്ടകൻ പാടത്താണ് രണ്ട് വർഷം മുമ്പ് അഭൂതപൂർവ്വമായ രീതിയിൽ വെള്ള താമര വിരിഞ്ഞത്.ഏക്കറ് കണക്കിന് വരുന്ന പാടത്ത് വിരിഞ്ഞു നിന്ന താമര വസന്തത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് ആദ്യം വാർത്ത പ്രചരിച്ചത്.
മുഖ്യധാരാ മാധ്യമങ്ങൾ കൂടി ഇത് ഏറ്റെടുത്തതോടെ താമരപാടം വൈറലായി.ഇതോടെ ഗ്രാമീണതയുടെ മനോഹാരിതയിൽ വിരിഞ്ഞു നിൽക്കുന്ന താമര പാടം കാണാൻ ആളുകൾ ഒഴുകി എത്തി.സെൽഫികൾ എടുത്തും വിവാഹ പാർട്ടികൾ ഫോട്ടോ ഷൂട്ട് നടത്തിയും
അവർ ആഘോഷമാക്കി.പിന്നീട് പതിയെ താമരകൾ മൺമറഞ്ഞു.
കഴിഞ്ഞ വർഷവും ഈ വർഷവും താമരകൾ പൂവിടുന്നത് കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം.താമരകൾ പൂവിട്ടതേ ഇല്ല.ഇതിന്റെ കാരണം തേടി ചെന്നപ്പോഴാണ് താമര പാടത്തിന് സമീപത്തെ എം.സാന്റ് കമ്പനിയാണ് വില്ലനായി മാറിയിരിക്കുന്നതെന്ന് കണ്ടെത്തിയത്.ഇവിടെ എം.സാന്റ് കഴുകിയ വെള്ളം താമര പാടത്തേക്ക് ഒഴുകിയെത്തിയാണ് താമര നശിക്കാൻ കാരണമായത്. ഇപ്പോൾ പേരിന് പോലും ഇവിടെ താമര വിരിയാറില്ല ഒരു വർഷം മുമ്പ് ഇതേ കമ്പനി കേന്ദ്രീകരിച്ച് ടാർ മിക്സിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് തീരുമാനം പിൻവലിച്ചു.എങ്കിലും എം.സാന്റ് നിർമ്മാണം നടന്നു വരികയാണ്. വിളന്തറ സ്വദേശികളായ 4 ചെറുപ്പക്കാർ മറ്റൊരു സ്ഥലത്ത് നിന്നും ഇവിടെ കൊണ്ടുവന്ന് വിതറിയതായിരുന്നു താമരവിത്ത്.താമരപാടം കാണാൻ വിദൂര ദേശങ്ങളിൽ നിന്നു പോലും ജനം എത്തിയതോെടെ ഇവിടുത്തെ ടൂറിസം സാധ്യതയും ചർച്ച ചെയ്യപ്പെട്ടു.പടിഞ്ഞാറെ കല്ലടയോട് തൊട്ടു ചേർന്ന മൺറോതുരുത്തും ശാസ്താംകോട്ട തടാകവും കടപുഴയും ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം സാധ്യതയാണ് ഉരുതിരിഞ്ഞത്.എന്നാൽ ഗ്രാമ പഞ്ചായത്ത് ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാട്ടാതിരുന്നതും വിനയായി.അതിനിടെ സഞ്ചാരികൾ എത്തായതായതോടെ താമരപാടം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറിയിരിക്കയാണ്.