കുന്നത്തൂർ : കൊട്ടാരക്കര പ്രധാന പാതയിൽ കുന്നത്തൂർ പ്രീ-മെട്രിക് ഹോസ്റ്റലിനോട് ചേർന്ന കൊടുംവളവിൽ റോഡിലെ കുഴികൾ അടച്ച് നാട്ടുകാരായ യുവാക്കൾ മാതൃകയായി.കുന്നത്തൂർ ഫാക്ടറി ജംഗ്‌ഷനും ആറ്റുകടവ് ജംഗ്‌ഷനും മധ്യേ രൂപപ്പെട്ട കുഴികൾ വലിയ അപകട ഭീഷണിയാണ് ഉയർത്തിയിരുന്നത്.മഴ ശക്തമായതോടെ കുഴികളുടെ വലുപ്പവും കൂടി.കുഴികളിൽ ചെളി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടം പതിവായി.റോഡിന്റെ ഒരു ഭാഗം വലിയ താഴ്ചയായതിനാൽ കുഴികൾ വെട്ടിക്കാൻ വാഹനങ്ങൾ ശ്രമിക്കുന്നത് ദുരന്ത ഭീഷണിയായി മാറി.ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായി.ഇത്തരത്തിൽ സ്ത്രീകളാണ് കൂടുതലായും
അപകടത്തിൽപ്പെട്ടിരുന്നത്.
എംഎൽഎ,പഞ്ചായത്ത് അംഗങ്ങൾ,പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ല.ഈ സാഹചര്യത്തിലാണ് പ്രദേശവാസിയും മൺറോതുരുത്ത് ഗ്രാമ പഞ്ചായത്ത് ആംബുലൻസ് ഡ്രൈവറുമായ സുനിൽകുമാർ,ചാന്തൂർ ദിലീപ്,കണിയാന്റഴികത്ത് സജീവ്,
കുളപ്പള്ളിൽ രാമകൃഷ്ണൻ,രാജേഷ് മോടിപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ റോഡിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കിയത്.മെറ്റലും എം.സാന്റും സിമന്റും ചേർത്തുള്ള
കോൺക്രീറ്റ് ഉപയോഗിച്ചാണ് കുഴികൾ അടച്ചത്.