സ്വന്തം വിവാഹത്തിന് നാടിന്‍റെ കരുണ തേടി ഈ യുവതി, നെഞ്ചുവിങ്ങുന്ന ഒരു കഥ

Advertisement

ശാസ്താംകോട്ട : സ്വന്തം വിവാഹത്തിന് സുമനസുകളുടെ സഹായം തേടി മുന്നിട്ടിറങ്ങിയ യുവതിയെ അതിശയത്തോടെയല്ല നാട്ടുകാര്‍ കാണുന്നത്. അവര്‍ കൈകൂപ്പി ആവുന്നസഹായം വാഗ്ദാനം ചെയ്യുകയാണ്. പടിഞ്ഞാറേക്കല്ലട ഐത്തോട്ടുവ പുത്തൻതറ കിഴക്കതിൽ പരേതരായ തങ്കപ്പൻ -സുശീല ദമ്പതികളുടെ മകള്‍ സുധയാണ് തന്‍റെ വിവാഹത്തിന് സ്വയം അപേക്ഷയുമായി നാടിനെ സമീപിച്ചത്. ജീവിതവഴിമുട്ടുമ്പോള്‍ അരുതാത്തമാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്നവര്‍ക്ക് പാഠമാണ് ഈ യുവതി.

സുധയും സുമയും.കുട്ടിക്കാലത്ത് തന്നെ വിധിയുടെ കൈകളിലെ കളിപ്പാട്ടമായതാണ് ഈ സഹോദരങ്ങൾ. കർഷക തൊഴിലാളികളായ മാതാപിതാക്കൾ ഇവരുടെ കുട്ടിക്കാലത്ത് തന്നെ മരണമടഞ്ഞു. വഴിയില്ലാത്ത രണ്ട് സെൻ്റ് വസ്തുവും ഇടിഞ്ഞു വീഴാറായ ഒരു കൊച്ചു വീടും മാത്രമായിരുന്നു ഏക സമ്പാദ്യം. പിന്നീട് ഈ സഹോദരങ്ങളുടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ജന്മനാനിരവധി രോഗങ്ങള്‍ക്ക് അടിപ്പെട്ട സുമയെ നെഞ്ചോട് ചേർത്ത് സഹോദരങ്ങളിൽ മൂത്തയാളായ സുധ ജീവിതത്തോട് പടവെട്ടുകയായിരുന്നു .ചെറിയ ജോലികൾ ചെയ്യുന്നതിനൊപ്പം പഠനത്തിലും സുധ ശ്രദ്ധ ചെലുത്തി.ഡിഗ്രിയ്ക്ക് ശേഷം പട്ടകടവ് സെൻ്റ് ആൻഡ്രൂസ് ദേവാലയത്തില്‍ ഒരു താത്ക്കാലിക ജോലികിട്ടി.

ഏത് നിമിഷവും നിലം പൊത്താവുന്ന ചോർന്നൊലിയ്ക്കുന്ന വീട്ടിൽ സഹോദരിയ്ക്കൊപ്പം കഴിയവേയാണ് പ്രത്യാശയുടെ കരങ്ങള്‍ നീട്ടി ഒരു യുവാവ് എത്തിയത്. കരുനാഗപ്പള്ളി ആലുംകടവ് നിവാസിയും മത്സ്യ തൊഴിലാളിയുമായ ബിജു സുധയ്ക്ക് വിവാഹ ആലോചനയുമായാണ് എത്തിയത്. യാതൊരു ഉപാധികളുമില്ലാതെ സുധയെയും സഹോദരിയെയും സംരക്ഷിയ്ക്കാൻ അദ്ദേഹം മുന്നോട്ട് വരുകയായിരുന്നു. ഈ മാസം 27 ന് പട്ടക്കടവ് ദേവാലയത്തിൽ വച്ചാണ് വിവാഹം.സൗജന്യമായി അടിച്ചു കിട്ടിയ കല്യാണക്കുറി മാത്രമാണ് ആകെയുള്ളത്.വിവാഹ ചിലവുകൾക്ക് പണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് സുധ സുമനസ്സുകളുടെ സഹായം തേടുന്നത്. വിവാഹത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുധയെ സഹായിക്കുവാൻ നാട്ടുകാരും മുൻപന്തിയിലുണ്ട്. ഈ നിർധന യുവതിയുടെ മാംഗല്യഭാഗ്യത്തിനായി സുമനസ്സുകൾ കൈ കോർക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിയ്ക്കുന്നത്.
സുധയുടെ അക്കൗണ്ട് നമ്പർ: 108 301OO135175
ഐ.എഫ്.സി. കോഡ്: F.D.R.L O0010 83
ഗൂഗിൾ പേ നമ്പർ :9847 825703
(MAYADEVI)

Advertisement