സോളാര്‍: ഉമ്മന്‍ചാണ്ടിക്കെതിരായഗൂഢാലോചന കേസ് ഇന്ന് പരിഗണിക്കും

Advertisement

കൊട്ടാരക്കര: സോളാര്‍ കേസ് പ്രതിയുടെ പീഡനാരോപണ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തെന്ന കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആദ്യ ഘട്ടത്തില്‍ എഴുതി നല്‍കിയ കത്ത് 21-പേജ് മാത്രമായിരുന്നെന്നും പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തശേഷം നാല് പേജ് കൂടി ചേര്‍ത്തതായാണ് ആരോപണം.
സോളാര്‍ കേസിലെ പ്രതിയായ സരിത നായര്‍ ഒന്നും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രണ്ടും പ്രതികളായുള്ള ഹര്‍ജിയില്‍ കേസെടുത്ത കോടതി ഇരുവര്‍ക്കും സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. കൊട്ടാരക്കര കോടതിയുടെ ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് തടഞ്ഞിരുന്നു. ഹൈക്കോടതി സ്റ്റേയുടെ കാലാവധി കഴിഞ്ഞതോടെയാണ് ഇന്ന്  കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.
കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും, ശരണ്യ മനോജും ഗൂഢാലോചന നടത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതെന്ന സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത് അടുത്തിടെയാണ്. ഫെനി ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് സിബിഐയുടെ കണ്ടെത്തല്‍.
പ്രതിയായ വനിത അട്ടക്കുളങ്ങര ജയിലില്‍നിന്ന് എഴുതി തന്നെ ഏല്‍പ്പിച്ച കത്ത് 21 പേജ് മാത്രമുള്ളതാണെന്നും ഇതില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Advertisement