ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാളകെട്ടുത്സവത്തിന് ഓണാട്ടുകര ഒരുങ്ങി. ചൊവ്വാഴ്ച ഓണാട്ടുകരയുടെ കരുത്തും കരവിരുതും ഒന്നിക്കുന്ന കെട്ടുത്സവത്തിന് മണിക്കൂറുകള്‍ക്കകം പടനിലം സാക്ഷിയാകും.
നൂറ്റിയമ്പതോളം കെട്ടുകാളകളാണ് ഇക്കുറി ഭരണസമിതി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കൈവെള്ളയില്‍ വെക്കാവുന്നവ മുതല്‍ യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ബഹുമതി ലഭിച്ച കൂറ്റന്‍ കെട്ടുകാളവരെ അണിനിരക്കും. ഭക്തര്‍ നേര്‍ച്ചയായി എഴുന്നള്ളിക്കുന്ന നാല്‍പ്പതോളം ചെറു കെട്ടുകാളകളും, സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയില്‍ നിര്‍മിച്ച കെട്ടുകാളകളുമുണ്ടാകും. രാവിലെ വാദ്യമേളങ്ങളുടെയും വിവിധ കലാപരിപാടികളുടെയും അകമ്പടിയോടെ ഘോഷയാത്രയായി കെട്ടുകാളകളെ ഗ്രാമവീഥികളിലുടെ ആനയിച്ച ശേഷം വൈകീട്ട് 6.30-നുമുമ്പ് പടനിലത്ത് എത്തിക്കും.
ജീവത, നെറ്റിപ്പട്ടം, കുഞ്ചലം, വെഞ്ചാമരം, അലങ്കാരങ്ങള്‍ തുടങ്ങിയവ അണിയിച്ച കെട്ടുകാളകള്‍ കുടമണി കിലുക്കി പടനിലത്തെത്തുന്നത് കാണാനും സൗന്ദര്യം ആസ്വദിക്കാനും ഒരുലക്ഷത്തിന് മുകളില്‍ ആളുകള്‍ എത്തുമെന്നാണ് കണക്ക്.