ശാസ്താംകോട്ട. അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി ജോർജ്ജിന്റെ ഓർമ്മയിൽ കടപുഴ ഗ്രാമവും ഇവിടുത്തെ നവോദയ ഗ്രന്ഥശാലയും.ജോർജ്ജിന്റെ 1981ൽ ഇറങ്ങിയ ‘കോലങ്ങൾ’ എന്ന സിനിമയുടെ ചിത്രീകരണം നടന്നത്
കല്ലടയാറിന്റെ തീരത്ത് കടപുഴ കടവിലും പരിസര പ്രദേശങ്ങളിലും ആയിരുന്നു.നാല് പതിറ്റാണ്ട് മുൻപുള്ള കടപുഴയെ,വിട്ടു പോയ മനുഷ്യരെ,കടവിലെ കടകൾ ഉൾപ്പടെയുള്ള ഭൂതകാലത്തിന്റെ ആരവങ്ങളെ,ജീവിതത്തെ,സിനിമ അടയാളപ്പെടുത്തി വെച്ചിരിക്കുന്നു.അന്ന് നാടിന്റെ വലിയ ഉത്സവമായിരുന്നു ആ സിനിമ ഷൂട്ടിങ്.ചെറുപ്പക്കാർ ദിവസങ്ങളോളം വീട്ടിൽ പോലും പോകാതെ ഷൂട്ടിംഗിന് ഒപ്പം ചേർന്നു.

ദിവസങ്ങളോളം കെ.ജി ജോർജ്ജും സംഘവും കടപുഴയുടെ ഹൃദയതുടിപ്പിനൊപ്പം നിലകൊണ്ടു.ഈ നാട്ടുകാരനായി മാറി.ഷൂട്ടിംഗ് അവസാനിപ്പിച്ചു പോകുന്നതിന് മുമ്പ് നവോദയ ഗ്രന്ഥശാലയിലെ സന്ദർശക ഡയറിയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച മഹാചലച്ചിത്രകാരന്റെ കൈപ്പട ഇപ്പോഴും മായാതെ കിടപ്പുണ്ട്.

ഒപ്പം ഓർമ്മകളും.അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു – പടിഞ്ഞാറെ കല്ലട, ആദ്യമിവിടെ എത്തിയപ്പോൾ തോന്നി വന്നപ്പോൾ വിചാരിച്ചത്ര ദിവസങ്ങൾ ഇവിടെ കഴിച്ചു കൂട്ടാൻ സാധിക്കയില്ലന്ന്. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മനസിലായി ഞങ്ങൾ
‘ദന്തഗോപുരവാസികൾ’
തന്നെയാണന്ന്.ജനങ്ങളുമായി അടുക്കുവാൻ,മനസിലാക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു. അടുത്തപ്പോൾ അവർ ഏറ്റവും നല്ലവരായിരുന്നു.നവോദയ ഗ്രന്ഥശാലയ്ക്കും ലൈബ്രറിക്കും എന്റെ ആശംസകൾ.ഇനിയും ഒരിക്കൽ കൂടി ഇവിടെ വരുവാൻ ഞാൻ ആഗ്രഹിക്കുന്നു.കടപുഴ നവോദയ ഗ്രന്ഥശാല ഭാരവാഹികൾ അമൂല്യ നിധിപോലെ ഇപ്പോഴും ആ ഡയറി സൂക്ഷിച്ചു വരുന്നു.
കോലങ്ങളില്‍ നായിക കുഞ്ഞമ്മ(മേനക)യുടെ അമ്മ മറിയച്ചേടത്തി കച്ചവടം നടത്തിയ ആല്‍ ഇപ്പോഴും അവിടെയുണ്ട്. മേനക പാലുംകൊണ്ട് അക്കരെ കടന്നിരുന്ന കടത്ത് നിര്‍ജ്ജീവമായി. കടവില്‍ പഞ്ചായത്തിന്‍റെ ടൂറിസം സെന്‍റര്‍ ഉണ്ട്. 1992ല്‍ ഇവിടെ അല്‍പം മാറി പാലം വന്നതോടെ നാടാകെ മാറി.