മയക്ക് മരുന്ന് സംഘങ്ങളെ വലയിലാക്കാന്‍ കൊല്ലം സിറ്റി പോലീസ്:ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ 22 പ്രതികള്‍ അറസ്റ്റില്‍

Advertisement

കൊല്ലം. മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം 23.09.2023 രാവിലെ 7.00 മണി രാത്രി 12.00 മണി വരെ കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ പരിശോധന സംഘടിപ്പിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ആകെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 22 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യ്തു. കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തില്‍ പരമാവധി പോലീസ് ഉദ്ദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ ലഹരി വ്യാപാരവും ഉപയോഗവുമായി ബന്ധപ്പെട്ട് 123 ആളുകളെ പരിശോധനക്ക് വിധേയമാക്കി.
പരിശോധനയുടെ ഫലമായി ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 37.19 ഗ്രാമും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 0.22 ഗ്രാമും ഉള്‍പ്പടെ ആകെ 37.41 ഗ്രാം എം.ഡി.എം.എ പിടികൂടാന്‍ സാധിച്ചു. പുന്തലത്താഴം ഉദയമന്ദിരം അഖിലിന്‍റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 37.19 ഗ്രാം എം.ഡി.എം.എ കണ്ടെത്താനായത്. പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടതിനാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് വരികയാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ കൂടിയ അളവില്‍ മയക്ക് മരുന്ന് കടത്തിയതിന് ഇയാള്‍ക്കെതിരെ 2022 ലും കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. 10 ഗ്രാമില്‍ കൂടുതല്‍ എം.ഡി.എം.എ കൈവശം സൂക്ഷിക്കുന്നത് ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അനധികൃതമായി 0.22 ഗ്രാം എം.ഡി.എം.എ യും 6.43 ഗ്രാം ഗഞ്ചാവും കൈവശം വച്ചതിനാണ് കരുനാഗപ്പള്ളി, കല്ലേലിഭാഗം സ്വദേശി ഷാനെ പോലീസ് അറസ്റ്റ് ചെയ്യ്തത്.
പരിശോധനയില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയിലായി ആകെ 83.02 ഗ്രാം ഗഞ്ചാവും പോലീസ് പിടിച്ചെടുത്തു. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ 32 ഗ്രാം, ചാത്തന്നൂരില്‍ 22 ഗ്രാം, ഓച്ചിറയില്‍ 15 ഗ്രാം, കൊല്ലം വെസ്റ്റില്‍ 11 ഗ്രാം, കരുനാഗപ്പള്ളിയില്‍ 6.43 ഗ്രാം, പള്ളിത്തോട്ടത്ത് 3.5 ഗ്രാം എന്നിങ്ങനെയാണ് ഗഞ്ചാവ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 9 കേസുകളാണ് രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്. ഇതുകൂടാതെ ഗഞ്ചാവ് ബീഡി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 5 കേസുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിന് 8 കേസുകളും വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. 48 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പരിശോധനയുടെ ഭാഗമായി പിടികൂടി.
പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും എസ്.ഐ ഷിഹാസിന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളുമാണ് പരിശോധനകള്‍ നടത്തിയത്. ജില്ലയിലെ ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും എ.സി.പി അബ്ദുള്‍ വഹാബിന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മാരക ലഹരി മരുന്നുകള്‍ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിനും ലഹരി ഉപയോഗവും വ്യാപാരവും തടയുന്നതിനുമായി തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അതില്‍ പൊതുജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Advertisement