അഞ്ചല്‍: ഒരാഴ്ച മുമ്പ് വീട്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആള്‍ത്താമസമില്ലാത്ത വീടിന്റെ കിണറ്റില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടില്‍ ജലാലുദ്ദീന്‍ ഷീജ ദമ്പതികളുടെ മകന്‍ സജിന്‍ ഷാ (21)യാണ് മരിച്ചത്. കഴിഞ്ഞ 19-ാം തീയതിയാണ് സജിന്‍ ഷായെ കാണാതാകുന്നത്. തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തില്‍ സജിന്‍ഷായുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയേയും കാണ്മാനില്ലെന്ന വിവരം ലഭിച്ചിരുന്നു. ഇതേച്ചൊല്ലി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സജിന്‍ ഷായുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. പിറ്റേ ദിവസം രാത്രിയോടെ സജിന്‍ ഷാ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചതായും എനിക്ക് കുഴപ്പമൊന്നുമില്ലെന്നും കൂട്ടുകാരന്റെ വീട്ടിലാണെന്നും ഉടനേ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നതായും പിതാവ് പറഞ്ഞു.
ഈ വിവരങ്ങളെല്ലാം കാട്ടി അന്നു തന്നെ അഞ്ചല്‍ പൊലീസില്‍ സജിന്‍ ഷായുടെ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സജിന്‍ ഷായുടെ രണ്ട് സുഹൃത്തുക്കള കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് മൃതദേഹം ഇന്നലെ കരവാളൂര്‍ പുത്തൂത്തടത്തില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ കിണറ്റില്‍ കണ്ടെത്തിയത്. പുനലൂര്‍ നിന്നും ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ഒറ്റത്തെങ്ങ് ജമാഅത്ത് പള്ളിയില്‍ സംസ്‌കരിച്ചു. സഹോദരന്‍ ബിസ്മല്‍ ഷാ. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മയക്കുമരുന്ന് മാഫിയ സംഘങ്ങളാണ് സജിന്‍ ഷായുടെ മരണത്തിന് പിന്നിലെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.