ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന അമൃതകീര്‍ത്തി പുരസ്‌കാരത്തിന് വേദപണ്ഡിതരായ പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍, ആചാര്യശ്രീ രാജേഷ്, കന്നട സാഹിത്യകാരന്‍ ഡോ. എസ്.എല്‍. ഭൈരപ്പ (ദേശീയ പുരസ്‌കാരം), എഴുത്തുകാരനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ അര്‍ഹരായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
തിരുവനന്തപുരം സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ ഗവ.സംസ്‌കൃത കോളേജ്, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്ന ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് വൈദികവിഷയത്തില്‍ 105 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കന്നട സാഹിത്യകാരനായ ഡോ. എസ്.എല്‍ ഭൈരപ്പ 2023 ലെ പത്മഭൂഷണ്‍ പുരസ്‌കാര ജേതാവ് കൂടിയാണ്. സാഹിത്യകാരനും തത്വചിന്തകനുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മഹാരാജാസ് കോളേജിലെ മുന്‍ ഫിലോസഫി അധ്യാപകനും മുന്‍ പിഎസ്എസി ചെയര്‍മാനുമാണ്. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്.
മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം പിറന്നാള്‍ ദിനമായ ഒക്ടോബര്‍ മൂന്നിന് കൊല്ലം അമൃതപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വൈദിക,ദാര്‍ശനിക സാഹിത്യത്തിനുള്ള സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരമെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.