കൊല്ലം: പൊട്ടിപ്പോകാന്‍ സാദ്ധ്യതയുള്ള പൈപ്പുകള്‍ക്ക് പകരം ഇരുമ്പു പൈപ്പുകളോ ഗുണനിലവാരമുള്ള മറ്റ് പൈപ്പുകളോ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജലഅതോറിറ്റി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്.
ജലജീവന്‍ മിഷന്‍ വഴി ഗാര്‍ഹീക കണക്ഷന്‍ ലഭിച്ച തന്റെ വീട്ടിലേയ്ക്കുള്ള പൈപ്പ് ലൈന്‍ നടവഴിയില്‍ മണ്ണിന് പുറത്ത് സ്ഥാപിച്ചതിനാല്‍ പൊട്ടിപോകുന്നത് പതിവാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ആളുകള്‍ നടക്കുന്നതും ഭാരമുള്ള വസ്തുക്കള്‍ വീഴാന്‍ സാദ്ധ്യതയുമുള്ള സ്ഥലത്താണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴും പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ ജലഅതോറിറ്റി തയ്യാറാവില്ലെന്നും തങ്ങള്‍ സ്വയം നന്നാക്കുകയാണ് ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.
ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിക്കുന്നതു കാരണമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ മുമ്പും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജലഅതോറിറ്റി ഇക്കാര്യം ഗൗരവപൂര്‍വ്വം പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കൊല്ലം കുണ്ടറ എട്ടാംവാര്‍ഡില്‍ ശ്രീരാമപുരം പടിഞ്ഞാറ്റതില്‍ ഓമനക്കുട്ടന്റെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനാണ് ഉത്തരവ്.