ശാസ്താംകോട്ട:കിഫ്ബിയുടെയും പി.ഡബ്ല്യൂ.ഡിയുടെയും അനുമതി ലഭിക്കാത്തതിനാൽ പൈപ്പിടൽ നിറുത്തി വച്ചതിനെ തുടർന്ന്
മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി വീണ്ടും പ്രതിസന്ധിയിൽ.നിർമ്മാണ – അനുബന്ധ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായ പദ്ധതിയുടെ ജലവിതരണത്തിനുള്ള പൈപ്പ് ഇടൽ ആരംഭിച്ചതാണ് നിറുത്തി വച്ചത്.ഒരു മാസം മുമ്പാണ് പെപ്പ് ഇടൽ ആരംഭിച്ചത്.ഏതാനും ദിവസത്തെ പണിക്ക് ശേഷം നിർത്തി വയ്ക്കുകയായിരുന്നു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സമ്പുർണ്ണ കുടിവെള്ള വിതരണം നടപ്പിലാക്കാൻ കഴിയുന്ന പദ്ധതിയുടെ എല്ലാവിധ പ്രവർത്തനങ്ങളും ഏറെക്കുറെ പൂർത്തിയായിട്ടും വിതരണ പൈപ്പുകൾ സ്ഥാപിക്കാൻ അനുമതി ലഭിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
കരുനാഗപ്പള്ളി – ശസ്താംകോട്ട പ്രധാന പാതയിൽ ഐസിഎസ് മുകളുംപുറം മുതൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് വരെയാണ് പ്രധാന കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടത്.ഈ റോഡിൻ്റെ നിയന്ത്രണാവകാശം കിഫ്ബിയ്ക്കും പി.ഡബ്ലു.ഡിക്കും ആയതിനാൽ റോഡ് കുഴിച്ച് പൈപ്പ് ഇടാൻ ഇവർ അനുമതി നൽകുന്നില്ല.മറ്റ് റോഡുകളിലെല്ലാം പൈപ്പുകൾ സ്ഥാപിച്ചിരുന്നു.കുന്നത്തൂർ താലൂക്കിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളിൽ ഒന്നാണ് മൈനാഗപ്പള്ളി.ഇവിടുത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2019-20 ലെ വാട്ടർ അതോറിട്ടിയുടെ സ്റ്റേറ്റ് പ്ലാൻ ഫണ്ടും കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ഡിപ്പോസിറ്റ് ഫണ്ടും ഉൾപ്പെടെ 6.1 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്.ഇതിൻ്റെ ഭാഗമായി മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിൽ 15.29 ലക്ഷം ലിറ്റർ കപ്പാസിറ്റിയുടെ കുറ്റൻ ഓവർ ഹെഡ് ടാങ്കും നിർമ്മിച്ചു.പൈപ് ഇടൽ നടത്തുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനപ്രതിനിധി – ഉദ്യോഗസ്ഥതലത്തിൽ നിരവധി തവണ യോഗം വിളിച്ചങ്കിലും ഉദ്യോഗസ്ഥർ എത്തിയില്ല.ജലവിഭവ മന്ത്രിയുടെ വാക്കാലുള്ള അനുമതിയോടെ ഒരു മാസം മുമ്പ് കോവൂർ കുഞ്ഞുമോൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി,മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൈപ്പ് ഇടുന്നതിനുള്ള പണികൾ ആരംഭിച്ചിരുന്നു.എന്നാൽ രണ്ട് ദിവസത്തിനു ശേഷം തങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന ന്യായം പറഞ്ഞ് ഉദ്യോഗസ്ഥർ പണി നിറുത്തിവയ്പിക്കുകയായിരുന്നു.