ശാസ്താംകോട്ട. പുരാണകഥാസാഗരത്തില്‍ നിന്നും മുത്തുകള്‍ മുങ്ങിയെടുക്കുകയും അവ മിനുക്കി മനോഹരമാക്കി അവതരിപ്പിക്കുകയുമാണ് പി എന്‍ ഉണ്ണികൃഷ്ണന്‍പോറ്റിയുടെ ശൈലി. ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്നും ഇംഗ്‌ളീഷ് അധ്യാപകനായി വിരമിച്ച അദ്ദേഹം സര്‍വീസ് കാലം മുതലേ പുരാണ കഥകളെ അവലംബിച്ച രചനകളില്‍ വ്യാപൃതനാണ്. ഈ ശ്രണിയില്‍ ഒടുവിലത്തേതാണ് ജടായുമോക്ഷം കഥകളി. മണ്ണൂര്‍കാവില്‍ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച അരങ്ങേറുന്ന കഥ കുമ്മനം രാജശേഖരന്‍ അടക്കമുള്ള ചിലരുടെ നിര്‍ബന്ധത്തിലാണ് സാക്ഷാത്കരിക്കുന്നത്.
അറിയാതെ പോകരുത് പിഎന്‍ ഉണ്ണികൃഷ്ണന്‍പോറ്റിയുടെ സാഹിതീജീവിതം . അമ്പരപ്പിക്കുന്നത്ര വൈപുല്യമാണതിന്.
വ്യാസകഥാപാത്രങ്ങള്‍,വ്യാസദര്‍പ്പണം,രാമായണത്തിലൂടെ എന്നീ ബൃഹദ് പഠനങ്ങള്‍ നിര്‍വഹിച്ച അദ്ദേഹം. ഈ പഠനങ്ങളുടെ ഉപോല്‍പ്പന്നമെന്നപോലെ പുരാണകഥാപാത്രങ്ങളില്‍ഓരുപാടുപേരെ നായകരാക്കി നോവലുകള്‍ രചിച്ചിട്ടുണ്ട്. ഭീഷ്മര്‍,വേദവ്യാസന്‍,ഭീമന്‍,വിദുരര്‍,ദ്രോണര്‍,അര്‍ജ്ജുനന്‍, കര്‍ണന്‍,ശിഖണ്ഡി, ദ്രൗപദി,അംബ,കുന്തി, ഗാന്ധാരി,ശര്‍മ്മിഷ്ഠ, ഊര്‍മ്മിള,ഹിഡിംബി,ശൂര്‍പ്പണഖ,മണ്ഡോദരി,ദുശള തുടങ്ങിയ പ്രത്യേകം നോവലുകള്‍ രചിച്ചിട്ടുണ്ട്. അക്ഷതം എന്ന സാമൂഹിക നോവല്‍, വിഷുക്കണി,ആരാമം,മനസ് എന്നീ കവിതാ സമാഹാരങ്ങള്‍, മാരുതി വിജയം ആട്ടക്കഥ,നളചരിതം ആട്ടക്കഥ ഇംഗ്‌ളീഷ് ഭാഷാന്തരം എന്നിവ ശ്രദ്ധേയം. ആശാന്റെയും വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടെയും ശങ്കരക്കുറുപ്പിന്റെയും ഉള്ളൂരിന്റെയും നാലപ്പാടന്റെയും പി കുഞ്ഞിരാമന്‍നായരുടെയും ഇടശേരിയുടെയും ഡോ.അയ്യപ്പപണിക്കരുടെയും കക്കാടിന്റെയും സുഗതകുമാരിയുടെയും കവിതകള്‍ ഇംഗ്‌ളീഷിലേക്കുമൊഴിമാറ്റിയിട്ടുണ്ട്. ശങ്കരാചാര്യരുടെ ഭജഗോവിന്ദം, പൂന്താനത്തിന്റെ ജ്ഞാനപ്പാന എന്നിവയും വിവര്‍ത്തനത്തിലുണ്ട്.
പൊന്നറ ശ്രീധര്‍ സ്മാരക സാഹിത്യപുരസ്‌കാരവും കൗമുദി ടീച്ചര്‍ പുരസ്‌കാരവും കലാരമ സാഹിത്യ പുരസ്‌കാരവും ലഭിച്ചു.
1942-ൽ കാപ്പിൽ കിഴക്ക് കൃഷ്ണപുരത്താണ് (ആലപ്പുഴ ജില്ല) ജനനം. പിതാവ് നീലകണ്ഠൻ പോറ്റി, മാതാവ് ശ്രീദേവി അന്തർജനം. എം.എ. (ഇംഗ്ലീഷ് സാഹിത്യം) പാസ്സായതിനുശേഷം 1964-ൽ കണ്ണൂർ എസ്.എൻ. കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി. 1965-ൽ ശാസ്താംകോട്ട ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിൽ നിയമിതനായി. ദേവസ്വംബോർഡിന്റെ വിവിധ കോളേജുകളിൽ പ്രൊഫസറായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 1997-ൽ ശാസ്താംകോട്ട കോളേജിൽ നിന്നും വിരമിച്ചു. ശേഷം ഒരുവർഷം തിരുവിതാംകൂർ ദേവസ്വംബോർഡ് സെൻട്രൽ സ്കൂളിൽ (ചക്കുവള്ളി, ശൂരനാട്) സ്കൂളിൽ പ്രിൻസിപ്പലായി. ശാസ്താംകോട്ടയിൽ മനക്കര അര്‍ച്ചനയില്‍ താമസം
കഥകളി അവതരണത്തില്‍ പേരെടുത്ത മണ്ണൂര്‍ക്കാവില്‍ ജടായുമോക്ഷം ഒക്ടോബര്‍ഒന്ന് വൈകിട്ട് 5.30ന് ആണ് അരങ്ങേറുന്നത്. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ദീപം തെളിക്കും.
കലാമണ്ഡലം പ്രശാന്ത്(രാവണന്‍),മധുവാരണാസി(ശൂര്‍പണഖ,മോക്ഷ ജടായു),കലാമണ്ഡലം നിഥിന്‍(മാരീചന്‍),കലാമണ്ഡലം രാജീവ് നമ്പൂതിരി(ശ്രീരാമന്‍),അഭിജിത് പ്രശാന്ത്(ലക്ഷ്മണന്‍),കലാമണ്ഡലം ആരോമല്‍(സീത),ജടായു(ഡോ.രാജീവ്) കലാമണ്ഡലം സുധീഷ്‌കുമാര്‍,സദനം പ്രേം നാരായണന്‍(പാട്ട്),കലാമണ്ഡലം രാധാകൃഷ്ണന്‍(ചെണ്ട)അജികൃഷ്ണന്‍(മദ്ദളം),ചിങ്ങോലി പുരുഷോത്തമന്‍(ചുട്ടി) എന്നിവര്‍ അരങ്ങിലെത്തുന്നു.മയ്യനാട് നവരംഗമാണ് അവതരണം. നളചരിതം കഥകളി ഇംഗ്‌ളീഷിലേക്കു മൊഴിമാറ്റം നടത്തിയ പോറ്റി സാറിന്റെ പുതുപുറപ്പാടിന് കാക്കുകയാണ് കഥകളിലോകം