ഡോ. വന്ദനദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ച്ച

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. കൊല്ലം റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിഐജി ആര്‍. നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. കേസിലെ പ്രതിയായ സന്ദീപിനെ ആശുപത്രിയിലെത്തിച്ച പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബേബി മോഹന്‍, ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാല്‍ എന്നിവക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാര്‍ത്ഥം മാറി നിന്നെന്നാണ് റൂറല്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ സന്ദീപിന്റെ കുത്തേറ്റ് ഹൗസ് സര്‍ജന്‍ വന്ദനാദാസ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോലീസെത്തിച്ച സന്ദീപ് ഡോക്ടറെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ കഴിഞ്ഞ മാസം ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.

Advertisement