ശാസ്താംകോട്ട : ശൂരനാട് വടക്ക് പുലിക്കുളത്ത് തീരുവോണ ദിവസം പുലർച്ചെ പോലീസിനെ ആക്രമിച്ച കേസ്സിൽ മുഖ്യപ്രതി കീഴടങ്ങി.ശൂരനാട് വടക്ക് പുലിക്കുളം കൊട്ടക്കാട്ട് പടീറ്റതിൽ ശിവ പ്രസാദ് (27) ആണ് ശൂരനാട് പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങിയത്.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇയ്യാൾ കീഴടങ്ങിയത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.തീരുവോണ ദിവസം പുലർച്ചെ 1.30 ന് മൈക്ക് ഓഫ് ചെയ്യുന്നില്ലെന്നും രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘർഷം ഉണ്ടാകുന്നതായുമുള്ള വിവരത്തെ തുടർന്നാണ് ശൂരനാട് എസ്.ഐ ദീപുപിള്ള,ജി.എസ്.ഐ വിനയൻ,സിപിഒ കിഷോർ എന്നിവരടങ്ങിയ പോലീസ് സംഘം പുലിക്കുളം വലിയതറക്കടവ് ക്ഷേത്ര ഗ്രൗണ്ടിൽ എത്തിയത്.മൈക്ക് ഓഫ് ചെയ്യണമെന്ന നിർദ്ദേശം അവഗണിക്കുകയും ആൾക്കൂട്ടം പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു എന്നാണ് കേസ്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്.ഐ ദീപുപിള്ളയെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.വിനയൻ,കിഷോർ എന്നിവർക്കും പരിക്കേറ്റിരുന്നു.സംഭവ സ്ഥലത്തു നിന്നും 4 പേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും കണ്ടാലറിയാവുന്ന 12 പേർക്കെതിരെ കേസ്സ് എടുക്കുകയും ചെയ്തിരുന്നു.