കുന്നത്തൂർ. വാഹനം തട്ടി മറിഞ്ഞ ഇരുമ്പ് തൂൺ മാറ്റാൻ അധികൃതർ നടപടിയിയെടുക്കാത്തത് കുന്നത്തൂർ പാലം വഴി സഞ്ചരിക്കുന്ന വാഹന യാത്രികർക്ക് ഭീഷണിയാകുന്നു.ഏതാനും വർഷം മുമ്പ് സ്വകാര്യ ഏജൻസി പാലത്തിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണിലാണ് മാസങ്ങൾക്ക് മുമ്പ് അജഞാത വാഹനമിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ചുവട് ഭാഗം വളഞ്ഞ് പാലത്തിന്റെ കൈവരിയോട് ചേർന്ന് റോഡിലേക്ക് തള്ളി കിടക്കുകയാണ്.
തൂണിൽ പരസ്യ ബോർഡ് സ്ഥാപിക്കാൻ പ്രത്യേകമായി ഘടിപ്പിച്ച ആംഗ്ലയർ കമ്പി റോഡിലേക്ക് തള്ളി നിൽക്കുകയാണ്.ഇരു ദിശകളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ എത്തുമ്പോൾ വേഗത കൂടുതലെങ്കിൽ അപകടത്തിൽപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.ഇരുചക്ര വാഹന യാത്രികരാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങൾ തൂണിലെ കമ്പിയിൽ കുരുങ്ങിയും അപകടം ഉണ്ടായേക്കാം.പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ കത്താത്തതും പ്രശ്നം സങ്കീർണമാക്കുന്നു.അതിനിടെ പാലത്തിലും പരിസരത്തും സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി തൂണുകളിൽ പലതും വാഹനങ്ങൾ തട്ടി വളഞ്ഞും ഒടിഞ്ഞും കിടക്കുകയാണ്.