കൊട്ടാരക്കര ഉണ്ണിയപ്പത്തിനു വിലകൂട്ടി… 30 ല്‍ നിന്നും 40 ലേക്ക്

Advertisement

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ നിവേദ്യമായ ഉണ്ണിയപ്പം വഴിപാടിന് വില 40 രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. 10 എണ്ണം അടങ്ങുന്ന ഒരു കവര്‍ ഉണ്ണിയപ്പത്തിന് 30 രൂപ ആയിരുന്നതാണ് നാല്പതായി വര്‍ധിപ്പിച്ചിരിക്കുന്നത്.
സാധനങ്ങളുടെ വില വര്‍ധിച്ചതിനാല്‍ ഉണ്ണിയപ്പത്തിന്റെ വിലയും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ നാല് മുതല്‍ ഉണ്ണിയപ്പം വഴിപാടിന്റെ വില കൂട്ടി ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. 2017-ല്‍ ഉണ്ണിയപ്പത്തിന്റെ വില 20 രൂപയില്‍ നിന്നും ഒറ്റയടിക്ക് 35 രൂപയായി ഉയര്‍ത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 30 രൂപയായി വില നിജപ്പെടുത്തുകയായിരുന്നു. ഗണപതി ക്ഷേത്രത്തിലെ പ്രശസ്തമായ വഴിപാടാണ് ഉണ്ണിയപ്പം.

Advertisement