ഭരണിക്കാവ് ടൗണിൽ ക്ഷേത്രത്തിന് സമീപം വൃദ്ധൻ മരിച്ച നിലയിൽ; പോലീസിന്റെ അനാസ്ഥയിൽ മൃതദേഹം പൊരിവെയിലിൽ കിടന്നത് മണിക്കൂറുകളോളം

Advertisement

ശാസ്താംകോട്ട: ഭരണിക്കാവ് ടൗണിൽ ക്ഷേത്രത്തിന് സമീപം പുന്നമൂട് സ്വദേശിയായ വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തി. പുന്നമൂട് പനങ്ങാട്ടയ്യത്ത് താഴതിൽ കൃഷ്ണൻ കുട്ടി (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് ക്ഷേത്രത്തിന് സമീപമുള്ള വഴിയിൽ മൃതദേഹം കാണപ്പെട്ടത്. ആദ്യം അജ്ഞാത മൃതദേഹമെന്ന നിലയിലാണ് വാർത്ത പ്രചരിച്ചത്. പിന്നീട് മകൻ സന്തോഷ് സ്ഥലത്ത് എത്തിയാണ് മരിച്ചത് കൃഷ്ണൻ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഇദ്ദേഹം. കുഴഞ്ഞുവീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ ശാസ്താംകോട്ട
പോലീസിന്റെ അനാസ്ഥയിൽ പൊരിവെയിലത്ത്
മൃതദേഹം മണിക്കൂറുകളോളം കിടന്നതായി ആക്ഷേപമുണ്ട്. പകൽ 3.30 ഓടെ ആണ് വൃദ്ധൻ മരിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിവരമറിഞ്ഞ് 4 മണിയോടെ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും താലൂക്കാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കാൻ പോലും തയ്യാറായില്ലത്രേ. മരണം സംഭവിച്ചുവെന്നത് പോലീസിന്റെ സ്ഥിരീകരണമായിരുന്നു.അനാഥമായി കിടന്ന മൃതദേഹം തുണി ഉപയോഗിച്ച് മറവ് പോലും ചെയ്യാതെ വെയിലത്ത് കിടക്കുകയായിരുന്നു. രണ്ട് പോലീസുകാർ കാവലിനുമുണ്ടായിരുന്നു.
വിവരമറിഞ്ഞ് മകൻ സന്തോഷ് 4 ഓടെ എത്തിയെങ്കിലും ഇയ്യാളോട് പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. മകനെ കൊണ്ടെങ്കിലും മൃതദേഹം മാറ്റാനുള്ള നടപടി സ്വീകരിക്കാതെ അനാദരവ് കാട്ടിയ നടപടിയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Advertisement