ശൂരനാട്ട് സിപിഎമ്മിൽ തർക്കം രൂക്ഷം:ഏരിയ കമ്മിറ്റിയിൽ വാക്കേറ്റം, മുതിർന്ന അംഗം ഇറങ്ങി പോയി

Advertisement

ശാസ്താംകോട്ട:നാളുകളായി ശൂരനാട്ടെ സിപിഎമ്മിൽ നിലനിൽക്കുന്ന തർക്കം മറ നീക്കി പുറത്തേക്ക്.ശൂരനാട് വടക്ക്
കളീക്കത്തറ ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയമാണ് തർക്കം രൂക്ഷമാക്കിയിരിക്കുന്നത്.അര നൂറ്റാണ്ട് കാലമായി ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ക്ഷീരസംഘം കോൺഗ്രസിന്റെ കൈകളിലെത്തിയതിനു പിന്നിൽ സിപിഎം നേതാക്കളുടെ പിടിപ്പുകേടും അഴിമതിയും മൂലമാണെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.ശൂരനാട് വടക്ക് പഞ്ചായത്തിലെ ചില സിപിഎം പ്രതിനിധികൾ പരസ്യമായി നടത്തുന്ന അഴിമതിയും നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്.

ശൂരനാട് വടക്ക് പഞ്ചായത്തിലെ കോൺഗ്രസ് ഭരണ സമിതിക്കെതിരെ സിപിഎം നേതൃത്വത്തിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടത് പാർട്ടിക്ക് നാണക്കേട് സൃഷ്ടിച്ചിരുന്നു.അതിനിടെ കഴിഞ്ഞ ദിവസം വയ്യാങ്കര സഹകരണ സംഘം തിരെഞ്ഞെടുപ്പ് അജണ്ടയായി കൂടിയ ഏരിയ കമ്മിറ്റി തർക്കത്തെ തുടർന്ന് നിർത്തി വെക്കുകയും മുതിർന്ന ഏരിയ കമ്മിറ്റി അംഗം ഇറങ്ങി പോവുകയും ചെയ്തു.

ഒരു വിഭാഗം നേതാക്കളെ ഒതുക്കാൻ ജില്ലാ നേതാക്കളുടെ പിന്തുണയിൽ നടത്തുന്ന നീക്കമാണ് പ്രശനങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.ജാതി തിരിച്ചുള്ള വേർതിരിവ് പാർട്ടിയിൽ ശക്തമാണെന്നും ആരോപണം ഉയരുുന്നു.നേതാക്കളുടെ ബന്ധു നിയമനവും അഴിമതി ആരോപണങ്ങളും പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിരിക്കയാണ്.കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം ആരോപണങ്ങൾ ശക്തമായി ഉയർന്നിരുന്നു.പാർട്ടിയെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഒരു വിഭാഗം സിപിഎം നേതാക്കൾ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകുവാൻ തയ്യാറെടുക്കുകയാണെന്ന് വിവരമുണ്ട്.

Advertisement