ചാത്തന്നൂരിൽ കടന്നല്‍ കൂട് ഇളകി; നാല് പേര്‍ക്ക് കുത്തേറ്റു… പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ അടച്ചു പൂട്ടി… ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ചു…

Advertisement

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ കടന്നല്‍ കൂട് ഇളകിയതിനെത്തുടര്‍ന്ന് നാല് പേര്‍ക്ക് കടന്നലിന്റെ കുത്തേറ്റു. കാരംകോട് കിണര്‍ മുക്ക് റോഡില്‍ സ്‌നേഹാലയത്തിന് സമീപം തേക്ക് മരത്തിലുണ്ടായിരുന്ന കാട്ട് കടന്നല്‍ കൂടാണ് കഴിഞ്ഞ ദിവസം രാവിലെ കൂട്ടത്തോടെ ഇളകിയത്. കടന്നല്‍ കൂട്ടത്തോടെ ആളുകള്‍ക്ക് പിന്നാലെ പായാന്‍ തുടങ്ങിയത് പരിഭ്രാന്ത്രി സൃഷ്ടിച്ചു.
ഇതിനിടയില്‍ ഇതുവഴി എത്തിയ വാഹനങ്ങളിലേക്കും സമീപത്തെ വീടുകള്‍ക്ക് ഉള്ളിലേക്കും കടന്നലുകള്‍ കൂട്ടത്തോടെ പാഞ്ഞു. പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ അടച്ചു പൂട്ടി. ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ചു. പിന്നീട് നാട്ടുകാര്‍ പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ അഞ്ചല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് കടന്നല്‍ കൂട് കത്തിയ്ക്കുന്നതില്‍ വിദഗ്ധനായ ഹേമന്ത് എത്തി കൂട് കത്തിച്ച് ജനങ്ങളുടെ ഭീതി അകറ്റുകയായിരുന്നു.

Advertisement