പുനലൂര്‍ താലൂക്കിന് താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

Advertisement

പുനലൂര്‍: പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതില്‍ പുനലൂര്‍ താലൂക്കിനെ ഉള്‍പ്പെടുത്തി.
കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായ കിഴക്കന്‍ മേഖലയില്‍ റവന്യു മന്ത്രി പരിശോധനകള്‍ നടത്തിയതിനെ തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ പ്രകൃതി ദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എംഎല്‍എ പി.എസ്. സുപാല്‍ മന്ത്രിക്ക് നല്‍കിയിരുന്നു. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍, ഓട്ടോമാറ്റിക് അലേര്‍ട്ട് സിസ്റ്റം എന്നിവയുണ്ടാകും. എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നിയന്ത്രിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ എല്ലാ കേന്ദ്രത്തിനും ആവശ്യമായ രക്ഷാ ഉപകരണങ്ങള്‍ ഏപ്രിലോടെ സജ്ജമാകും.

Advertisement