കൊല്ലത്ത് 25000 കുട്ടികളെപങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി

Advertisement

കൊല്ലം: ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന തലത്തില്‍ വിപുലമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലും വൈവിധ്യവും പുതുമയുമാര്‍ന്ന പരിപാടികള്‍ ആണ് സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി ശശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം നവംബര്‍ 14ന് മുഖ്യമന്ത്രി  തിരുവനന്തപുരത്ത് നടത്തും.
കാല്‍ ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തി ശിശുദിന ഘോഷയാത്ര ജില്ലയില്‍ സംഘടിപ്പിക്കും. ലഹരിക്ക് എതിരെയുള്ള സന്ദേശം കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. വര്‍ണോത്സവം 2023 എന്ന പേരില്‍ കൊല്ലത്തു നടത്തുന്ന പരിപാടിയിലൂടെ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരെ പ്രസംഗ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി 14 ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന കുട്ടികളെ തിരുവനന്തപുരത്ത് നടക്കുന്ന 5 ദിവസ ക്യാമ്പില്‍ പങ്കെടുപ്പിക്കും. അഥിതി തൊഴിലാളികളുടെ കുട്ടികള്‍, പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ എന്നിവരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കി ആയിരിക്കും ഇത്തവണ ജില്ലയിലെ ആഘോഷ പരിപാടികള്‍. സംസ്ഥാനത്തെ ആദ്യ ബാല സൗഹൃദ ജില്ല ആവുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ജില്ല നടത്തുകയാണ്.

Advertisement