കൊല്ലം: കൊല്ലം നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ഇരവിപുരം, പട്ടാണിത്തങ്ങള്‍ നഗര്‍, ബാദുഷാ മന്‍സിലില്‍ ബാദുഷാ(23) ആണ് ജില്ലാ ഡാന്‍സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധന യില്‍ പിടിയിലായത്. കൊല്ലം പള്ളിമുക്കിലും പരിസര പ്രദേശങ്ങളിലും ഉള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ടാണ് പ്രതി മയക്ക് മരുന്ന് എത്തിച്ചത്.
കേരളാ പോലീസിന്റെ യോദ്ധാവ് എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴി ജില്ലാ പോലീസ് മോധാവി മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
വാണിജ്യാടിസ്ഥാനത്തില്‍ മയക്ക് മരുന്ന് വ്യാപാരം നടത്തി വന്ന ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും മയക്ക് മരുന്നുമായി വരുന്ന വിവരം മനസിലാക്കിയ പോലീസ് സംഘം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും ഇയാള്‍ പിടിയിലായത്. അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം സിറ്റി ആന്റി നര്‍ക്കോട്ടിക്ക് ചുമതലയുള്ള ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന്റെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘമാണ് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സിറ്റി പോലീസിന്റെ ആന്റിനര്‍ക്കോട്ടിക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വര്‍ഷം ഒരു കിലോയിലധികം എംഡിഎംഎ ആണ് പിടികൂടാനായത്.