പ്രയാര്‍ രാജരാജവര്‍മ്മ ഗ്രന്ഥശാലയുടെ 110-ാം വാര്‍ഷികോദ്ഘാടനവും പ്രഥമ എ. ആര്‍. രാജരാജവര്‍മ്മ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിനാണ് തുടക്കമായത്. ഇന്നലെ രാവിലെ 11.30ന് പ്രയാര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് വി.എ. ഷഹാല്‍ അധ്യക്ഷനായി.
സാംസ്‌കാരിക പുരോഗതി ഉണ്ടാക്കുവാന്‍ നമ്മുടെ ഗ്രന്ഥശാലകള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും മലയാളികളുടെ വായന ആസ്വാദനം മികവുറ്റതാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഒരു ഗ്രന്ഥശാല 110 വയസ്സ് പിന്നിട്ടത് ഒരു ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് പ്രഥമ എ. ആര്‍. രാജരാജവര്‍മ്മ സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പിയ്ക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
യോഗത്തില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, പ്രയാര്‍ ഗ്രന്ഥശാല പ്രസിഡന്റ് വിമല്‍ചന്ദ്, ഡോ. വി.കൃഷ്ണകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പവനനാഥന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അവാര്‍ഡ് ജേതാവായ ശ്രീകുമാരന്‍തമ്പി മറുപടി പ്രസംഗവും നടത്തി. എ.ആര്‍. രാജരാജവര്‍മ്മയുടെ പേരിലുള്ള വായനശാലയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാനായത് ഏറെ ഭാഗ്യം ലഭിച്ചതുകൊണ്ടാണെന്നും ഏറ്റവും വലിയ ഗ്രന്ഥശാല മനുഷ്യന്റെ മനസ്സാണെന്നും മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.