കൊട്ടിയം: ചേരിക്കോണം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിരുന്ന ഐ.പി ക്യാമറ നശിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയില്‍. പാലമുക്ക് കല്ലുവെട്ടാംകുഴി റോഡില്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കുരിശടിക്ക് സമീപം സ്ഥാപിച്ചിരുന്ന ഐപി ക്യാമറയാണ് നശിപ്പിച്ചത്.
ചേരിക്കോണം അലന്‍ ഭവനില്‍ അക്ഷയ്കുമാര്‍ (20), ചേരിക്കോണം അനന്തുഭവനില്‍ നന്ദു (20), എഴുകോണ്‍ നെടുമണ്‍കാവ് ചൈത്രം ഭവനില്‍ അനന്തു (19), ചേരിക്കോണം രമ്യാഭവനില്‍ രാഹുല്‍ (22), ചേരിക്കോണം അരുണ്‍ ഭവനില്‍ അമര്‍ദീപ് (20), തഴുത്തല മനീഷാഭവനില്‍ അദ്വൈത് (19) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പിഡിപിപി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 8ന് പുലര്‍ച്ചെ 1.15ന് ഇരുചക്രവാഹനത്തില്‍ എത്തിയ യുവാക്കള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ നശിപ്പിച്ച ക്യാമറയില്‍തന്നെ പതിഞ്ഞിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ പിടികൂടുകയായിരുന്നു.