ചാത്തന്നൂരിൽ കുഞ്ഞിനെ ഉൾപ്പെടെ ഉപയോഗിച്ച് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കൂട്ടു പ്രതിയും പിടിയിൽ

Advertisement

ചാത്തന്നൂർ: ചാത്തന്നൂരിലെയും  മൈലക്കാട്ടേയും  ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ഓണക്കാലത്ത് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മൈലക്കാട് ജയേഷ് ഭവനിൽ ജിനേഷ് (22)  നെയാണ് കഴിഞ്ഞ ദിവസം മൈലക്കാട് നിന്നും അറസ്റ്റു ചെയ്തത്.    ഈ കേസിൽ കൊല്ലം മങ്ങാട് അറുന്നൂറ്റിമംഗലം റോസ് നഗറിൽ ഷിജ (22) എന്ന യുവതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇവരുടെ കൂട്ടാളി ബെല്ലാക്ക് മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു.
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ് സംബന്ധിച്ച് ചാത്തന്നൂരിലെ ധനകാര്യ സ്ഥാപന ഉടമ നല്കിയ പരാതിയെ തുടർന്നായിരുന്നു പോലീസ് അന്വേഷണം.
മുക്കുപണ്ടം പണയം വച്ചവരുടെ സിസിടിവി കാമറ ദൃശ്യങ്ങൾ ധനകാര്യ സ്ഥാപന ഉടമ പോലീസിന് കൈമാറിയിരുന്നു
ഒരു കുഞ്ഞിനെയും എടുത്തു കൊണ്ട്    ഭാര്യയും ഭർത്താവും എന്ന് തോന്നിക്കുന്നവരാണ്  പണയം വയ്ക്കാനെത്തിയത്. കുഞ്ഞിനെ അത്യാവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പണം ആവശ്യമാണെന്ന്   പറഞ്ഞാണ് പണയം വച്ചത്.
ജീവനക്കാർ തിരിച്ചറിയൽ രേഖ അവശ്യപെട്ടപ്പോൾ  കാറിലുണ്ടെന്നും എടുത്ത് നല്കാമെന്നും പറഞ്ഞു.  പണം കൈപറ്റി കാറിൽ നിന്നും തിരിച്ചറിയൽ രേഖ എടുത്തു നല്കാമെന്ന് പറഞ്ഞ് പുറത്തേയ്ക്കിറങ്ങി മുങ്ങുകയാണ് ചെയ്തത്.
എസ്ഐമാരായ ആശ. വി. രേഖ, മധു, എഎസ്ഐ ഹരി വത്സൻ, സിപിഒമാരായ ശ്രീലത, വരുൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement