ശാസ്താംകോട്ട. പുളപ്പന്‍മാരെ തേടി എംവിഡി സ്‌ക്വാഡ് രംഗത്ത്. കുന്നത്തൂര്‍ താലൂക്കിലെ വിവിധ നിരത്തുകളില്‍ രൂപമാറ്റം വരുത്തിയതും അല്ലാത്തുമായ പവര്‍ബൈക്കുകളില്‍ പരക്കം പായുന്നവരെ ട്രാക്ക് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ രംഗത്തിറങ്ങി. നിരത്തിലൂടെ മറ്റുയാത്രക്കാരെ ഞെട്ടിച്ചും അപകടസാധ്യത വര്‍ധിപ്പിച്ചുംപായുന്ന യുവാക്കളെ കുരുക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന് ജോയിന്റ് ആര്‍ടിഒ ശരത്ചന്ദ്രന്‍ അറിയിച്ചു.
വ്യാപകമായ പരാതി പലയിടത്തുനിന്നും ഉയരുന്നുണ്ട്. പിടികൂടിയാല്‍ അയ്യായിരത്തിലേറെ രൂപയുടെ വരെ നിയമലംഘനങ്ങളാണ് പലര്‍ക്കുമുള്ളത്.
രാവിലെയും വൈകിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നവരാണ് ചെത്തുകാര്‍ ഏറെ. കാതടപ്പിക്കുന്ന ശബ്ദവും നടുക്കമുണ്ടാക്കുന്ന വേഗവുമായി പായുന്ന പലര്‍ക്കും വാഹനത്തിന് മതിയായ രേഖകളില്ല. നമ്പര്‍പോലും പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങളാണ് ഏറെ.ഇവര്‍ മറ്റുള്ളവരെ അപകടത്തിലാക്കുന്നത് പതിവാണ്.
പ്രധാനപാതകളായ ശാസ്താംകോട്ട കാരാളിമുക്ക്, മൈനാഗപ്പള്ളി-ശാസ്താംകോട്ട റോഡുകളിലാണ് ശല്യക്കാര്‍ ഏറെ. വെഹിക്കിള്‍ രംഗത്തിറങ്ങിയാല്‍ പിടിയിലാവുന്നത് ഏറെയും അന്നത്തെ അന്നത്തിനു വകതേടിയിറങ്ങിയവരോ, വയോധികരോ വനിതകളോ ആണ് എന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്. പുളപ്പന്മാരെ മഷിയിട്ടുനോക്കിയാല്‍ കാണില്ല.