ട്രെയിൻ കടന്നു പോകവേ അടഞ്ഞു കിടന്ന റെയിൽവെ ഗേറ്റിൽ കാർ ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് 6.50ന് ചിന്നക്കട എസ്എം പി തിയറ്ററിന് സമീപമുള്ള ഗേറ്റിലാണ് കാർ ഇടിച്ചത് ഇതേ സമയം ട്രാക്കിലൂടെ തിരുവനന്തപുരത്ത് നിന്നുള്ള ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോവുകയായിരുന്നു. ട്രെയിൻ പകുതി ഭാഗം പിന്നിട്ട ശേഷമാണ് കാർ ഗേറ്റിലേക്ക് ഇടിച്ച് കയറിയത്. കാറിന്റെ മുൻ വശം ബോഗിയിൽ ഇടിച്ചതായും സമീപമുണ്ടായിരുന്നവർ പറഞ്ഞു . ഗേറ്റ് അടഞ്ഞ് കിടന്നതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ആട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള കാർ പിന്നോട് പോവുകയും മുന്നോട്ട് എടുക്കാനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിൽ നിയന്ത്രണം വിട്ട് മുന്നോട്ട് പോവുകയായിരുന്നുവെന്ന് കാർ ഉടമ അടുതല സ്വദേശി ഇടിക്കുള ജേക്കബ് റെയിൽവെ പോലീസിനൊട് പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻ വശവും ഗേറ്റും തകർന്നു . ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. റെയിൽവെ പോലീസ് കേസെടുത്തു.