കരുനാഗപ്പള്ളി. തോക്ക് ചൂണ്ടി ധന കാര്യ സ്ഥാപനത്തിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാക്കൾ അറസ്റ്റിൽ തൊടിയൂർ സ്വദേശികളായ അനസ് (33) അൽഅമീൻ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളിത്തോക്ക് ഉപയോഗിച്ചാണ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നത്.
പുതിയകാവിൽ റെസ്േറ്റാറൻ്റ് നടത്തുന്ന അനസ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് അമീനുമായി കൂട്ടുചേർന്ന് പദ്ധതി തയ്യാറാക്കിയത്.സംഭവത്തിൻ്റെ തലേ ദിവസം കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കളിപ്പാട്ടങ്ങൾ വാങ്ങിക്കുന്നതിനിടയിലാണ് കളിത്തോക്കും വാങ്ങിയത്.ഈ മാസം പത്തിന് വൈകിട്ട് 4 മണിക്കടുത്താണ് സംഭവം നടന്നത്.ഇരുവരും മാസ് കും ഹെൽമറ്റും ധരിച്ച് സ്കൂട്ടറിൽ സ്ഥാപനത്തിലെത്തുന്നതിന് മുൻപും ശേഷവും പലതവണ ഡ്രസുകൾ മാറിയിരുന്നു.

മൊബൈൽ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ലൊക്കേഷൻ അറിയാതിരിക്കാനും സംഭവസ്ഥലത്തെ സാന്നിദ്ധ്യം അറിയാതിരിക്കവാറും കുറച്ചകലെയുള്ള സൗഹൃത്തിൻ്റെ വീട്ടിലെത്തി അവരുടെ മൊബൈൽ ഉപയോഗിക്കുകയും ചെയ്തു. സൈബർ സെല്ലിൻ്റെ സഹായത്തോടെ 200-ഓളം നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് പ്രതികളെ പുതിയകാവിൽ വെച്ച് കണ്ടെത്തിയത്. പോലീസ് കമ്മിഷണർ മെറിൽ ജോസഫ് സ്ഥലത്തെത്തി അന്വേഷണം ഏകോപിപ്പിച്ചിരുന്നു. കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാർ, സി.ഐ ബിജു’ എസ്.ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.