കുലശേഖരപുരത്ത് വയോജനങ്ങൾക്കായി ആധുനിക പകൽവീട് ; ഉദ്ഘാടനം നാളെ

Advertisement

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് സെൻ്റർ വാർഡിൽ സംഘപ്പുര ജംഗ്ഷനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ ആധുനിക സംവിധാനങ്ങളോടുകൂടിയ പകൽ വീടിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു.1300 ഓളം സ്ക്വയർ ഫീറ്റിൽ 2ഹാളുകൾ, വിശ്രമമുറികൾ, ടോയ്ലറ്റ് സംവിധാനം, വരാന്ത തുടങ്ങിയ സംവിധാനങ്ങളോടെയാണ് പകൽ വീട് നിർമ്മിച്ചിരിക്കുന്നത്.

ടെലിവിഷൻ, പത്രമാധ്യമങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭാവിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, ലഘു ഭക്ഷണശാല എന്നിവയും ഒരുക്കാൻ പഞ്ചായത്തിന് പദ്ധതിയുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി കെ രാധാകൃഷ്ണൻ പകൽ വീടിൻ്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അന്തരിച്ച മരങ്ങാട്ടു പത്മനാഭന്റെ കുടുംബാംഗങ്ങൾ നൽകിയ 35 ലക്ഷം രൂപയും ചെലവഴിച്ചാണ് ആധുനിക പകൽവീട് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

ചടങ്ങിൽ സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. മരങ്ങാട്ടു പത്മനാഭന്റെ ഫോട്ടോ അനാഛാദനം നിർവ്വഹിച്ച് എ എം ആരിഫ് എംപി മുഖ്യ പ്രഭാഷണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ താക്കോൽദാനം നിർവഹിക്കും.വയോജന സംരക്ഷണമേഖലയിൽ പഞ്ചായത്ത് നടത്തുന്ന വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പകൽവീട് യാഥാർത്ഥ്യമാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം പറഞ്ഞു. വൈസ് പ്രസിഡൻ്റ് എ നാസർ, സെക്രട്ടറി ആർ താര, സ്ഥിരം സമിതി അധ്യക്ഷരായ പി എസ് അബ്ദുൽസലീം, രജിതാ രമേശ്, ഗ്രാമപഞ്ചായത്തംഗം ദീപക് ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement