ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് സൈഡ് കൊടുക്കാത്തതിന് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് യുവാക്കളെ വിട്ടയച്ചു. സ്റ്റേഷനിലെത്തിച്ച യുവാക്കള്‍ മൂക ബധിര വിദ്യാര്‍ത്ഥികള്‍ ആണെന്ന് മനസിലാക്കിയ പോലീസ് കുട്ടികളെ രക്ഷകര്‍ത്തകള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനം ഹോണ്‍ മുഴക്കിയിട്ടും യുവാക്കള്‍ സഞ്ചരിച്ച കാര്‍ സൈഡ് ഒതുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് വിവരം ചടയമംഗലം പോലീസിന് കൈമാറുന്നത്. തുടര്‍ന്ന് വാഹനം പിന്‍തുടര്‍ന്ന് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം ആക്കുളം മൂക ബധിര സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നും ശക്തമായ മഴയുള്ളതും ശ്രവണ സഹായി വയ്ക്കാഞ്ഞതുമാണ് ഹോണ്‍ കേള്‍ക്കാതെ പോയതെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥികളെല്ലാം ഇതര സംസ്ഥാനക്കാരാണ്. കുട്ടികളെ സ്റ്റേഷനിലിരുത്തി തിരുവനന്തപുരത്തുണ്ടായിരുന്ന രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തിയാണ് കുട്ടികളെ വിട്ടത്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ആയതിനാല്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് പോലീസ് ചെയ്‌തെന്നാണ് ചടയമംഗലം പോലീസ് പറയുന്നത്.