ചവറ. ബൈക്കുകള്‍ തമ്മില്‍ തട്ടിയ വിരോധത്തില്‍ ബൈക്ക് യാത്രക്കാരനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന രണ്ടുപേര്‍ കൂടി മുംബൈയില്‍ നിന്നും പോലീസിന്‍റെ പിടിയിലായി. ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു. തേവലക്കര, പാലക്കല്‍, പ്രവീണ്‍ ഭവനില്‍ പ്രദീപ് മകന്‍ മുള്ളന്‍ പ്രവീണ്‍ എന്ന പ്രവീണ്‍(31), തേവലക്കര, പാലക്കല്‍ കലുങ്കുകണ്ടത്തില്‍ ചിദംബരം സ്വാമി മകന്‍ ജയറാം(23) എന്നിവരാണ് മുംബൈയില്‍ നിന്നും ചവറ പോലീസിന്‍റെ പിടിയിലായത്. ഇവര്‍ മുംബൈയില്‍ ഒളിച്ച് താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി,പി വി.എസ് പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയില്‍ എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
പന്മന മേക്കാട് സെന്‍റ് ആന്‍റണീസ് ഡെയ്ലില്‍ അഗസ്റ്റിനേയും ഇയാളുടെ ബന്ധുവായ ജോയല്‍ എന്ന യുവാവിനേയുമാണ് പ്രതികള്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ മാസം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അഗസ്റ്റിന്‍റെ ബൈക്ക് പ്രതികളുടെ ബൈക്കുമായി തട്ടിയതിലുളള വിരോധം മൂലം ബന്ധുവായ ജോയലിനൊപ്പം ബൈക്കില്‍ വീടിന് സമീപം നില്‍ക്കുമ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞു വന്ന അഗസ്റ്റിന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ സി.പി.ഓ മാരായ രജീഷ്, രതീഷ്, അനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.