കൊല്ലത്തെ പ്രധാന റെയില്‍ ലെവല്‍ ക്രോസ്സുകള്‍ മാറ്റി തല്‍സ്ഥാനത്ത് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

Advertisement

കൊല്ലം: കൊല്ലം ലോകസഭാ മണ്ഡലത്തിലെ പ്രധാന റെയില്‍ ലെവല്‍ ക്രോസ്സുകള്‍ എല്ലാം മാറ്റി തല്‍സ്ഥാനത്ത് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. കൊല്ലം ലോകസഭാ മണ്ഡലത്തിലെ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിനു ശേഷമാണ് വിവരം അറിയിച്ചത്.
കല്ലുംതാഴം, എസ്.എന്‍ കോളേജ് ജംഗ്ഷന്‍, പോളയത്തോട്, കൂട്ടിക്കട, ഒലാല്‍, മയ്യനാട് എന്നീ ലെവല്‍ ക്രോസ്സുകള്‍ക്ക് പകരം മേല്‍പ്പാലം നിര്‍മ്മിക്കാന്‍ റയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയിട്ടുണ്ട്. റയില്‍വേ മന്ത്രാലയം അനുമതി നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നിര്‍മ്മാണ പ്രവൃത്തിയുടെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിംഗ് (ജി.എ.ഡി) സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി റെയില്‍വേയുടെ അനുമതി ലഭ്യമാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് റയില്‍വേയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമ്പോഴാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുന്നത്.
ഇതില്‍ കല്ലുംതാഴം, എസ്.എന്‍. കോളേജ് ജംഗ്ഷന്‍, പോളയത്തോട്, കൂട്ടിക്കട എന്നീ റയില്‍ മേല്‍പ്പാലങ്ങളുടെ ജി.എ.ഡി ക്ക് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. മയ്യനാട് ഒഴികെയുളള മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചിലവ് 50:50 എന്ന ക്രമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായിട്ടാണ് പങ്കിടുന്നതാണ്. ഈ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയാല്‍ അടിയന്തിരമായി റയില്‍വേ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

കുണ്ടറ, പള്ളിമുക്ക്, ഇളമ്പള്ളൂര്‍ മേല്‍പ്പാലങ്ങള്‍
കൊല്ലത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് കുണ്ടറ. റെയില്‍വേ ഗേറ്റുകള്‍ അടയ്ക്കുന്നതനുസരിച്ച് ഗതാഗതം ബുദ്ധിമുട്ടാകുന്നു. ഇതിനു പരിഹാരമായി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയിട്ട് വര്‍ഷങ്ങളായി.
കുണ്ടറ പള്ളിമുക്ക് മേല്‍പ്പാലത്തിന് റയില്‍വേ അനുമതി നല്‍കയിട്ട് ഒരു ദശാബ്ദമായി. എന്നാല്‍ 10 വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ യഥാസമയം സ്വീകരിക്കാത്തതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല. കുണ്ടറ-ഇളമ്പള്ളൂര്‍ മേല്‍പ്പാലത്തിന് അനുമതി ലഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാളിതുവരെയായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നിര്‍മ്മാണം അനന്തമായി നീളുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രവര്‍ത്തിക്കായി ഒരേ സമയം വിവിധ എജന്‍സികളെ നിയോഗിക്കുകയും ഒന്നിലേറെ ഭരണാനുമതി നല്‍കുകയും ചെയ്തതിനാല്‍ ഒരു എജന്‍സിക്കും നടപടിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വണ്ണം ഭരണപരമായും സാങ്കേതികമായും പ്രതിസന്ധി ഉണ്ടായിരിക്കുന്നു.
2016 സെപ്റ്റംബര്‍ മാസം 27 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുണ്ടറ-പള്ളിമുക്ക് റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ എജന്‍സിയായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരള യെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയമിച്ചു. എന്നാല്‍ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയോ മേല്‍പാലം നിര്‍മ്മാണം നടത്തുകയോ ചെയ്തില്ല.
റയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന് റയില്‍വേ അനുമതി നല്‍കിയാല്‍ അനുമതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതായ നടപടികള്‍ പൂര്‍ത്തിയാക്കി റയില്‍വേയെ അറിയിച്ചാല്‍ മാത്രമേ റയില്‍വേയുടെ ഭാഗം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയൂ. എന്നാല്‍ കുണ്ടറയിലെ മേല്‍പ്പാലത്തിനെ സംബന്ധിച്ച് ഒന്നിലേറെ ഉത്തരവും ഭരണാനുമതിയും നല്‍കി വിഷയം സങ്കീര്‍ണമാക്കുന്നതല്ലാതെ നിര്‍മ്മാണം ആരംഭിക്കാന്‍ വേണ്ടുന്ന തുടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ പരിഹാരം നിര്‍ദേശിക്കാന്‍ കഴിയില്ല എന്ന് യോഗം വിലയിരുത്തി. ഉന്നത തലത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കാമെന്ന് യോഗത്തില്‍ ധാരണയായി.
എന്‍.കെ പ്രേമചന്ദ്രന്‍ എംപി, ദക്ഷിണറയില്‍വേ നില്‍മ്മാണ വിഭാഗം സി.ഏ.ഒ ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ചന്ദ്രു പ്രകാശ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരള പ്രോജക്ട് എഞ്ചീനീയര്‍ വി.ഏ മുഹമ്മദ് അള്‍ത്താഫ്, കിറ്റ്‌കോ സീനിയര്‍ കണ്‍സള്‍റ്റന്റ് എ.ച്ച് ബാമ, എക്‌സീകൂട്ടീവ് എഞ്ചീനീയര്‍ റയില്‍വേ എസ് ഷണ്‍മുഖം, കെ. ആര്‍.എഫ്.ബി എക്‌സീകൂട്ടീവ് എഞ്ചിനീയര്‍ ഷൈനി എസ്. ബാബു, ദേശീയ പാത അതോറിറ്റി ഡപ്യൂട്ടി പ്രോജക്ട് മാനേജര്‍, കെ. വി കൃഷ്ണന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement