എക്സൈസ് പരിശോധനയ്ക്കിടെ ഫാര്‍മസി ഉടമ കുഴഞ്ഞ് വീണ് മരിച്ചു; പരാതിയുമായി ബന്ധുക്കള്‍

Advertisement

പത്തനാപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നതിനിടെ ആയുര്‍വേദ ഫാര്‍മസി ഉടമ കുഴഞ്ഞുവീണ് മരിച്ചു. തലവൂര്‍ പറങ്കിമാം മുകളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതം ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ പത്തനാപുരം പിടവൂര്‍ സത്യന്‍മുക്ക് ശ്രീഭവനില്‍ സുരേഷ്‌കുമാര്‍ (58) ആണ് മരിച്ചത്.  ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. ഒരാഴ്ചമുമ്പാണ് പറങ്കിമാംമുകള്‍ ജങ്ഷനില്‍ സുരേഷ്‌കുമാര്‍ പുതിയ ആയുര്‍വേദ ഫാര്‍മസി തുടങ്ങിയത്. ഞായറാഴ്ച വൈകീട്ട് കുന്നിക്കോട്ടുനിന്ന് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോഴാണ് സ്ഥാപനത്തില്‍ കുഴഞ്ഞു വീണത്.
ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അവരുടെ വാഹനത്തില്‍ സുരേഷ്‌കുമാറിനെ പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഡോക്ടര്‍മാരുള്ള തൊട്ടടുത്ത ആശുപത്രിയായ കൊട്ടാരക്കരയില്‍ സുരേഷ് കുമാറിനെ കൊണ്ടുപോകാതെ ഡോക്ടറുടെ സേവനമില്ലാത്ത പത്തനാപുരത്താണ് എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. ഭാര്യ: അജിത. മക്കള്‍: വിഷ്ണു, ജിഷ്ണു. മരുമകള്‍: പ്രീതി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.