തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരില്ല:ഫയലുകള്‍ കടലാസില്‍ തന്നെ

Advertisement

കൊല്ലം: ജില്ലയില്‍ തദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ അഭാവം മൂലം ഫയലുകള്‍ തീര്‍പ്പാകാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു. ഓഫീസുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചെങ്കിലും ഇപ്പോഴും ഫയല്‍ സിസ്റ്റം മെല്ലെ പോക്കിലാണ്. വര്‍ഷാവര്‍ഷം ഉണ്ടാകുന്ന സോഫ്റ്റ്‌വെയര്‍ മാറ്റവും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പരിജ്ഞാനക്കുറവും കാരണം അപേക്ഷകള്‍ കുമിഞ്ഞു കൂടി കിടക്കുകയാണ്. കൊല്ലം കോര്‍പറേഷനില്‍ നിന്ന് മാത്രം നൂറ് കണക്കിന് ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷകളും പെര്‍മിറ്റ് അപേക്ഷകളും നല്‍കാനുണ്ടെന്ന് അപേക്ഷകര്‍ ആരോപിക്കുന്നു.
തദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. തദ്ദേശ വകുപ്പില്‍ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ പലരും കൂട്ടഅവധിയിലായതും ജോലിയിലുള്ളവരുടെ അലംഭാവവും പ്രശ്‌നമാകുന്നുണ്ട്. ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് ഒരു വര്‍ഷം ആയിട്ടും പെര്‍മിറ്റ് കൊടുക്കാഞ്ഞതിനെ തുടര്‍ന്ന് പ്രവാസിയായ ഉടമ കോടതിയെ സമീപിച്ചിരിക്കുകയാണ്. നീണ്ട അവധിയിലായിരുന്ന അസി. എഞ്ചിനീയര്‍ അടുത്തിടെ ചാര്‍ജ് എടുത്തിട്ടും നടപടിയെടുക്കാഞ്ഞതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

അപേക്ഷകള്‍ അനവധി, ഉദ്യോഗസ്ഥര്‍ മെല്ലേപോക്കില്‍

വിവിധ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ അപേക്ഷകള്‍ കുന്ന് കൂടി കിടക്കുമ്പോഴും ഉദ്യോഗസ്ഥര്‍ മെല്ലെപോക്ക് സമീപനത്തിലാണെന്ന് ജനപ്രതിനിധികള്‍ പറയുന്നു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റായ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷകളാണ് കോര്‍പറേഷനിലും മറ്റ് തദേശ സ്വയം ഭരണസ്ഥാപനങ്ങളിലും കൂടുതലായി കെട്ടികിടക്കുന്നത്.
നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി സമയബന്ധിതമായി ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നാണ് കെട്ടിട നിര്‍മ്മാണചട്ടം. എന്നാല്‍ ഈ നിയമം പല ഉദ്യോഗസ്ഥരും പാലിക്കാറില്ല. പകരം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വയ്ക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്താറില്ലെന്നും ആക്ഷേപമുണ്ട്. ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മുന്‍പ് സ്ഥല പരിശോധന നടത്തണോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് അതിന് കാരണം.
തദ്ദേശ വകുപ്പ് കൃത്യമായ നിര്‍ദേശം നല്‍കാത്തതാണ് അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയം ഭരണവകുപ്പ് പുതിയ മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചെങ്കിലും ചില എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് തത്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertisement