ശാസ്താംകോട്ട:പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മിക്ക പഞ്ചായത്തുകളിൽ നിന്നും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്ന് ആക്ഷേപം.അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകുന്നതിന് പഞ്ചായത്തുകളിൽ നിന്നും പ്രധാനമായും വിസ്തീർണ്ണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ ആവശ്യമാണ്.എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ നൽകാൻ കുന്നത്തൂർ പഞ്ചായത്തിലടക്കം ജില്ലയിലെ മിക്കവാറും പഞ്ചായത്തുകൾ തയ്യാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.സർട്ടിഫിക്കറ്റുകൾക്കായി ഫ്രണ്ട് ഓഫീസ് വഴി വെവ്വേറെ അപേക്ഷകളാണ് നൽകേണ്ടത്.പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിനായുള്ള അപേക്ഷയിൽ വി.ഇ.ഒ യുടെ റിപ്പോർട്ട് കൂടി ചേർത്താണ് സമർപ്പിക്കേണ്ടത്.എന്നാൽ അപേക്ഷയുമായി സമീപിക്കുമ്പോൾ തന്നെ വീടിന്റെ വിസ്തീർണ്ണം ചോദിക്കുകയും ആയിരത്തിന് മുകളിലെങ്കിൽ അപേക്ഷ നിരസിക്കുകയുമാണ് ചെയ്യുന്നത്.കാരണം തിരക്കുന്നവരോട് ആയിരം സ്ക്വയർ ഫീറ്റിന് മുകളിൽ വീട് ഉള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന സർക്കാരിന്റെ ഓർഡർ ഉണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയാണത്രേ.
അപേക്ഷകരിൽ പലരും സ്വന്തം വീടിന്റെ യഥാർത്ഥ വിസ്തീർണം എത്രയെന്ന് അറിയാത്തവരാകും. ഇതിനാൽ കൂടുതലും കുറവും പറയുന്നവരുമുണ്ടാകും.
സർട്ടിഫിക്കറ്റുകൾ ആവശ്യമായവർക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ വീടുകളിലെത്തി അളന്ന് തിട്ടപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.ഇതിനായി വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ ജീവനക്കാർക്ക് ചാർജും നൽകിയിട്ടുണ്ട്.ഇവരുടെ ജോലിഭാരം കുറയ്ക്കുകയെന്നതും മറ്റൊരു അജണ്ടയാണ്.അപേക്ഷയുമായി എത്തുന്നവർ സർക്കാരിന്റെ ഓർഡർ
ചോദിക്കുമ്പോൾ ഇവർ കൈമലർത്തുകയും ചെയ്യുന്നു.എന്നാൽ ഇത്തരത്തിലുള്ള ഓർഡർ സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് അറിയുന്നത്.അപേക്ഷയ്ക്ക് ഒപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അനർഹരെയും അർഹരെയും നിശ്ചയിക്കേണ്ടത് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് അധികൃതരാണ്.ആയിരം സ്ക്വയർ ഫീറ്റിന് മുകളിൽ വീട് ഉള്ളവർ അപേക്ഷ നൽകേണ്ടതില്ലെന്ന് സർക്കാർ വിജ്ഞാപനത്തിലും വ്യക്തമാക്കിയിട്ടില്ല.വീടിന്റെ വിസ്തീർണ്ണം കൂടുതലുള്ളവർക്ക് മറ്റ് പല സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിൽ മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ കഴിയും എന്നിരിക്കെയാണ് ചില പഞ്ചായത്തുകൾ സാധാരണക്കാരോട് ക്രൂരത കാട്ടുന്നത്.ഇത് സംബന്ധിച്ച്
കുന്നത്തൂർ താലൂക്ക് സപ്ലൈ ആഫീസർ പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം,വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം,വിധവാ സർട്ടിഫിക്കറ്റ്,വികലാംഗ സർട്ടിഫിക്കറ്റ്,മെഡിക്കൽ സർട്ടിഫിക്കറ്റ്,തൊഴിലുറപ്പ് കാർഡ്, ക്ഷേമനിധി കാർഡുകൾ,സ്വന്തമായി വീടും വസ്തുവും ഇല്ലാത്തവർ ആയത് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ അപക്ഷയോടൊപ്പം സമർപ്പിക്കണമെന്നാണ്.
ഒക്ടോബർ 10 ന് ആരംഭിച്ച അപേക്ഷ സമർപ്പണം 20 ന് അവസാനിക്കും.എന്നാൽ ചില ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നിരവധിയാളുകൾക്ക് അപേക്ഷ നൽകാൻ പോലും കഴിഞ്ഞിട്ടില്ല.അതിനിടെ പിടിപാടുള്ളവർക്ക് മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ സർട്ടിഫിക്കറ്റുകൾ നൽകുന്നതായും വിവരമുണ്ട്.