കരുനാഗപ്പള്ളി. സ്കൂൾ വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും പുറത്തേക്ക് പിടിച്ചുതള്ളിയ കണ്ടക്ടറുടെ നടപടിയെ തുടർന്ന് ബസ്സിനും ജീവനക്കാർക്കും എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞദിവസം സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനായി വെളുത്തമണൽ ഭാഗത്തേക്ക് യാത്ര ചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ എത്തിയപ്പോൾ കണ്ടക്ടർ പുറത്തേക്ക് പിടിച്ചു തള്ളിയതായാണ് പരാതി. വിദ്യാർത്ഥിനിയുടെ രക്ഷകർത്താവിന്റെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി – ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ എന്ന സ്വകാര്യ ഇതിനെതിരെയാണ് നടപടി ഉണ്ടായത്.
കരുനാഗപ്പള്ളി ജോയിൻ്റ് ആർടിഒ അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബേബിജോൺ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗുരുദാസ് എന്നിവരുടെ നേതൃത്വത്തിൽ ബസ്സിൽ നടത്തിയ പരിശോധനയിൽ ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ബസ്സിനും ഡ്രൈവറും കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്കുമായി പതിനായിരത്തി അഞ്ഞൂറ് രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ബസ്സിലെ ജീവനക്കാർ യൂണിഫോമും നെയിം ബാഡ്ജും ധരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ബസുകളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.