വിദ്യാര്‍ഥിയെ ബസില്‍ നിന്നും പിടിച്ചു തള്ളിയ പരാതിയില്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതായി ആര്‍ടിഒ

Advertisement

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് വെളുത്തമണല്‍ ഭാഗത്തെ വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ബസില്‍ നിന്നും പിടിച്ചു തള്ളിയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനായി യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ മാരാരിത്തോട്ടം സ്റ്റോപ്പില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തേക്ക് പിടിച്ചു തള്ളിയതായാണ് പരാതി. വിദ്യാര്‍ത്ഥിനിയുടെ രക്ഷകര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി-ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജ എന്ന സ്വകാര്യ ബസിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒ അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബേബിജോണ്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗുരുദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബസ്സില്‍ നടത്തിയ പരിശോധനയില്‍ ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. കണ്ടക്ടറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ബസ്സിനും ഡ്രൈവറും കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുമായി പതിനായിരത്തി അഞ്ഞൂറ് രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തുടര്‍ന്ന് നടന്ന പരിശോധനകളില്‍ കരുനാഗപ്പള്ളി-അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇന്‍ഷുറന്‍സ് ഇല്ലാതെയും പെര്‍മിറ്റില്ലാതെയും സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ബസ് ജീവനക്കാര്‍ നിര്‍ബന്ധമായും യൂണിഫോം, പേരെഴുതിയ ബാഡ്ജ് ഇവ നിര്‍ബന്ധമായും ധരിക്കണമെന്നും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുവാന്‍ കൊല്ലം ആര്‍ടിഒ ജയേഷ് നിര്‍ദ്ദേശിച്ചിട്ടുള്ളതായി കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

Advertisement