കൊല്ലം: പുനലൂര്‍ അലുവ കോളനി റഷീദ് വധകേസില്‍ പ്രതിയെ വെറുതെവിട്ടു. പുനലൂര്‍ അലുവ കോളനി സ്വദേശി റഷീദിനെ കല്ലുകൊണ്ട് തല തകര്‍ത്ത് കൊലപ്പെടുത്തി എന്ന് പുനലൂര്‍ പോലീസ് കുറ്റപത്രം നല്‍കിയ കേസിലാണ് പ്രതിയെ വെറുതെവിട്ടത്. പുനലൂര്‍ മുസവാരിക്കുന്ന് അലുവകോളനിയില്‍ കാഞ്ഞിരവിള പുത്തന്‍ വീട്ടില്‍ അനീഷ് എന്ന അമീര്‍ (36) നെയാണ് കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് വി.എന്‍. വിനോദ് കുറ്റക്കാരനല്ല എന്ന് കണ്ട് വെറുതെ വിട്ടത്.
21.12.2017 ആണ് കേസിന് ആസ്പദമായ സംഭവം. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് മദ്യപിച്ചു വന്ന റഷീദ് പ്രതികളുടെ ബന്ധുക്കളെ ചീത്തവിളിച്ചത്തിലുള്ള വിരോധം നിമിത്തം പ്രതി റഷീദിനെ മര്‍ദിച്ച് തറയിലിടുകയും വലിയ കല്ല് എടുത്ത് തലയുടെ ഉച്ചിഭാഗത്തു ഇട്ട് കൊലപെടുത്തി എന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 16 സാക്ഷികളും 29 രേഖകളും 6 ഓളം തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി എങ്കിലും സംശയാസ്പദമായി പ്രതിക്ക് എതിരെയുള്ള കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
പോലീസ് ശരിയായ അന്വേഷണം നടത്താതെ പ്രതിക്കെതിരെ കളവായ വസ്തുതകള്‍ വളച്ചൊടിച്ചു ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതാണ് എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതി കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെവിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ അഡ്വ.അനീസ് തങ്ങള്‍കുഞ്ഞ്, അഡ്വ. മുഹമ്മദ് ഷാഫി, അഡ്വ. രാഹുല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.