കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണത്തിന് 78.20 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജില്ലയിലെ ജനങ്ങളുടെയും അഭിഭാഷകരുടെയും ചിരകാല സ്വപ്‌നമാണ് സാക്ഷാത്കരിക്കുന്നത്. തുക അനുവദിച്ചതിനാല്‍ ടെന്‍ഡര്‍ നടപടി കഴിഞ്ഞാലുടന്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കളക്ടറേറ്റിന് സമീപം എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്റെ ഭാഗമായ രണ്ടര ഏക്കര്‍ ഭൂമി കോടതി സമുച്ചയം നിര്‍മിക്കാന്‍ ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ 1,65,306 ചരുരശ്ര അടി വിസ്തൃതിയില്‍ നാലു നിലകളിലായാണ് സമുച്ചയം ഒരുങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സിവില്‍ സ്റ്റേഷനില്‍നിന്ന് 17 കോടതികളും 25 ലേറെ അനുബന്ധ ഓഫീസുകളും ഇവിടേക്ക് മാറും. സിവില്‍ സ്റ്റേഷനിലെ സ്ഥലപരിമിതി ബുദ്ധിമുട്ടുകളും ഒഴിവാകും. 25,765 ചതുരശ്ര അടിയില്‍ കോര്‍ട്ട് ഹാള്‍, 11,115 ചതുരശ്ര അടിയില്‍ ചേമ്പര്‍ ഏരിയ, 7370ചതുരശ്ര അടിയില്‍ കോടതികളില്‍ എത്തുന്നവര്‍ക്കായി വെയിറ്റിങ് എരിയ, 46,000 ചതുരശ്ര അടിയില്‍ ഓഫീസ് ഹാള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.