കടത്തിണ്ണയില്‍ ഉറങ്ങികിടന്ന വയോധികയെരാത്രിയില്‍ തട്ടി കൊണ്ടുപോയി

Advertisement

കൊട്ടിയം: കടത്തിണ്ണയില്‍ ഉറങ്ങികിടക്കുകയായിരുന്ന വയോധികയെ രാത്രിയില്‍ തട്ടി കൊണ്ടുപോയ ശേഷം ഒരു കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചു. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റ ഇവരെ കണ്ടെത്തിയത് നഗ്‌നയായ നിലയിലാണ്.
ദീര്‍ഘ നാളുകളായി വീടുവിട്ട് കഴിയുന്ന അംഗപരിമിതിയുള്ള 85 വയസുകാരിയായ വയോധികയാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ കൊട്ടിയം ജംഗ്ഷനില്‍ ഭിക്ഷ യാചിച്ച് കഴിയുകയായിരുന്നു. രാത്രി ഒരു ടെക്സ്റ്റയില്‍ ഷോപ്പിന്റെ തിണ്ണയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.
വ്യാഴാഴ്ച രാത്രി ആരോ ഇവരെ വായ്‌പൊത്തിപ്പിടിച്ച് പിടിച്ചു കൊണ്ടുപോയതായി പറയുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ദേശീയപാതയോരത്തുള്ള സിതാര ജംഗ്ഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. സിതാര ജങ്ഷന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇവരെ കണ്ടത്. തുടര്‍ന്ന് നഗ്‌നയായി കിടന്ന ഇവര്‍ക്ക് പൂജാരിയാണ് വസ്ത്രങ്ങള്‍ എടുത്തു കൊടുത്തത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ വയോധിക മകളെ വിവരമറിയിക്കുകയും മകളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം തഴുത്തലയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ഇവര്‍ ചികിത്സ തേടി. ആക്രമണത്തിനിരയായ വയോധികയുടെ മകള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Advertisement