പുനലൂര്‍: പുനലൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 100 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്തിക്കൊണ്ടു വരുവാന്‍ ഉപയോഗിച്ച കാറും പിടികൂടി. ചെമ്മന്തൂര്‍ ബസ്റ്റാന്‍ഡില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. എന്നാല്‍ വാഹനത്തിലെത്തിയ ഐക്കരക്കോണം താഴെ കടവാതുക്കല്‍ സ്വദേശി ആദം ഷംനാദ് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാളെ പിടികൂടാനായില്ല.
എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാളക്കോട് ഭാഗത്തുവച്ച് ഷംനാദ് ഓടിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ തട്ടി അപകടം ഉണ്ടായിട്ടുണ്ട്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 10 ചെറിയ പൊതികളിലായി 100 ഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും വലിയതോതില്‍ രാസ ലഹരിയും കഞ്ചാവും കടത്തിക്കൊണ്ടുവന്ന് പുനലൂരിലെ യുവാക്കള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ആദം ഷംനാദെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി ആദം ഷംനാദ് ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുദേവന്‍, പ്രവീന്റീവ് ഓഫീസര്‍ അന്‍സാര്‍. എ, പ്രദീപ് കുമാര്‍. ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് അര്‍ക്കജ്, റിന്‍ജോ വര്‍ഗീസ്, ഹരിലാല്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.