ജനങ്ങൾക്ക് പ്രയോജനമില്ലാതെ നാടാകെ വഴിയോര വിശ്രമ കേന്ദ്രങ്ങൾ;പാഴായത് കോടികൾ
ശാസ്താംകോട്ട:സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് നാടാകെ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങൾ ജനങ്ങൾക്ക് പ്രയോജനമില്ലാതെ നശിക്കുന്നു.ദീർഘ ദൂര യാത്രക്കാർ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയാണ് നാടാകെ അതാത്
ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കേന്ദ്രങ്ങൾ നിർമ്മിച്ചത്.നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രങ്ങൾ
ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നില്ലെന്നും പരാതിയുണ്ട്.പല കെട്ടിടങ്ങളും പരിസരവും കാട് മൂടി നശീകരണത്തിന്റെ വക്കിലാണ്.കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി,ശാസ്താംകോട്ട,
ശൂരനാട് വടക്ക്,പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് മാസങ്ങൾക്ക് മുമ്പ് വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടുള്ളത്.ശൂരനാട് തെക്ക് പഞ്ചായത്തിൽ ചക്കുവള്ളി ചിറയ്ക്ക് സമീപം നിർമ്മിച്ച കേന്ദ്രം മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നത്.
പോരുവഴി ഗ്രാമ പഞ്ചായത്തിൽ വിശ്രമ കേന്ദ്രം നിർമ്മാണഘട്ടത്തിലാണ്.എന്നാൽ
കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പദ്ധതിയെ കുറിച്ച് അറിഞ്ഞിട്ടേയില്ല.കരുനാഗപ്പള്ളി – ശാസതാംകോട്ട റോഡിൽ
മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിന് സമീപം ശുചിത്വമിഷൻ്റെ 2021-22
വർഷത്തെ പദ്ധതിയിൽപ്പെടുത്തി 18 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്.ഒരു വർഷം മുമ്പ് തന്നെ മുഴുവൻ പണികളും പൂർത്തിയായെങ്കിലും വൈദ്യുതി – വാട്ടർ കണക്ഷനുകൾ ലഭിച്ചിരുന്നില്ല.ഇവ പരിഹരിച്ച് 6 മാസം കഴിഞ്ഞിട്ടും ഇനിയും തുറന്ന് നൽകിയിട്ടില്ല.അടുത്തിടെ
സാമൂഹ്യവിരുദ്ധർ വാതിലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ഡേറ്റ് കിട്ടാത്തതാണത്രേ ഉദ്ഘാടനത്തിന് തടസം.
25 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ശാസ്താംകോട്ട ടൗണിൽ ചന്തയ്ക്ക് ഉള്ളിൽ പണികഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടങ്കിലും ഇലക്ടിക് പണികൾ ചെയ്യാത്തതിനാൽ തുറന്ന് നൽകിയിട്ടില്ല.പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് കടപുഴ ജംഗ്ഷനിൽ 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പണി പൂർത്തീകരിച്ചങ്കിലും തുറന്ന് നൽകിയിട്ടില്ല.ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് തെക്കേമുറി എച്ച്.എസ് ജംഗ്ഷനിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പണികൾ പൂർത്തീകരിച്ചിട്ടുണ്ടങ്കിലും തുറന്ന് നൽകിയിട്ടില്ല.ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിൽ ചക്കുവള്ളി ചിറയ്ക്ക് സമീപം നിർമ്മിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒരു വർഷം മുമ്പ് ജില്ലാ കളക്ടറായിരുന്ന അഫ്സാന പർവീൺ നിർവ്വഹിച്ചിരുന്നു.കുടുംബശ്രീയുടെ സഹകരണത്തോടെ ഇത് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നുണ്ട്.